34.4 C
Kottayam
Wednesday, April 24, 2024

ബജറ്റ്: കേരളത്തിന് നിരാശ, എതിർപ്പുമായി ഭരണപക്ഷവും പ്രതിപക്ഷവും

Must read

 
തിരുവനന്തപുരം: എയിംസ് അടക്കമുള്ള വാഗ്ദാനങ്ങളെയൊക്കെ കാറ്റില്‍ പറത്തുന്നതും കേരളത്തിനോട് അനുഭാവം കാട്ടാത്തതുമായ ബജറ്റാണ് കേന്ദ്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ഭാഗ്യകരമാണ് ഈ സമീപനമെന്ന് അദ്ദേഹം പറഞ്ഞു.

പെട്രോള്‍-ഡീസല്‍ വില രണ്ടുരൂപ കണ്ട് വര്‍ധിക്കുന്നു. രണ്ടിനും ഓരോ രൂപ വീതം. ഇതിന്‍റെ തിക്തഫലം ഏറ്റവും കൂടുതലായി അനുഭവിക്കേണ്ടിവരുന്ന സംസ്ഥാനം കേരളമാണ്. വിദൂര സ്ഥലങ്ങളില്‍നിന്ന് ഉപ്പുതൊട്ടു കര്‍പ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന കേരളത്തിന് ഡീസല്‍ വിലയിലുണ്ടാവുന്ന വര്‍ധന അമിതഭാരമാവും. മാലപ്പടക്കത്തിനു തീകൊടുത്ത പോലുള്ള ഫലമാണ് ചരക്കുകടത്തു കൂലി മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വരെ ഭീകരമായി ഉയര്‍ത്തുന്ന ഈ നടപടി.

കേരളം ജലപാതകള്‍ക്കു പണ്ടേ പ്രസിദ്ധമാണ്. ജലജീവന്‍ മിഷന്‍ പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രം അത് കേരളത്തിലെ ഉള്‍നാടന്‍ ജലപാതകളുടെ നവീകരണത്തിനും കാര്യക്ഷമമാക്കലിനും എന്തെങ്കിലും ചെയ്യുമെന്നു പറയുന്നില്ല.
കോച്ചി ഷിപ്പ്യാര്‍ഡിനുള്ള വിഹിതം കഴിഞ്ഞവര്‍ഷം 660 കോടിയായിരുന്നത് 495 കോടിയായി കുറഞ്ഞു. കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്‍റേത് 67 കോടിയായിരുന്നത് 46 കോടിയായി കുറഞ്ഞു. റബ്ബര്‍ ബോര്‍ഡിന്‍റേത് 172 കോടിയായിരുന്നത് 170 കോടിയായി കുറഞ്ഞു. വലിയ വര്‍ധനയുണ്ടാവേണ്ടിടത്താണ് മരവിപ്പോ വെട്ടിക്കുറയ്ക്കലോ ഉണ്ടാവുന്നത്.

കേരളം പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഉന്നയിച്ച വായ്പാപരിധി വര്‍ധിപ്പിക്കലുള്‍പ്പെടെയുള്ള ആവശ്യങ്ങളോട് മുഖംതിരിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, പുതിയ ബജറ്റ് നിര്‍ദേശങ്ങളിലൂടെ ദുസ്സഹമായ ഭാരം കേരളത്തിനുമേല്‍ അടിച്ചേല്‍പിച്ചിരിക്കുക കൂടിയാണ്.
രണ്ടാം മോദി സര്‍ക്കാരിൻ്റെ കന്നിബജറ്റ് ജനങ്ങള്‍ക്ക് ഇരുട്ടടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.

പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് രണ്ടുരൂപ വില കൂട്ടാനുള്ള തീരുമാനം രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നയിക്കും.മോദി സര്‍ക്കാരിന്റെ കച്ചവട താല്‍പ്പര്യങ്ങള്‍ മാത്രമാണ് ബജറ്റില്‍ പ്രതിഫലിച്ചത്.കേന്ദ്ര ബജറ്റില്‍ കേരളത്തോട് കനത്ത അവഗണനയാണ് ഇക്കുറിയും കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബഡ്ജറ്റ് വിലക്കയറ്റത്തിന് കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി പെട്രോളിന്റെയും ഡീസലിന്റെയും പേരിലുള്ള കൊള്ള കടുപ്പിക്കുകയാണ് സർക്കാർ.വോട്ട് ചെയ്ത് അധികാരത്തില്‍ കയറ്റിയ ജനങ്ങളെ ശിക്ഷിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പ്രധാനപ്പെട്ട ഒരു ആവശ്യവും അംഗീകരിക്കാന്‍ കൂട്ടാക്കാതെ കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ പൂര്‍ണ്ണമായും അവഗണിച്ചിരിക്കു കയാണെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍  പറഞ്ഞു. പ്രളയ പുനര്‍നിര്‍മ്മാണത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പാക്കേജ്‌ അംഗീകരിച്ചില്ല. പ്രത്യേക ഇളവ്‌ വേണമെന്ന ആവശ്യവും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നിരസിച്ചിരിക്കുകയാണ്‌. വായ്‌പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ഏറെ നാളായി കേരളം ആവശ്യപ്പെടുന്ന എയിംസും, വൈറോളജി ഇന്‍സ്‌റ്റിറ്റിയൂട്ടും അനുവദിക്കുന്നതും പരിഗണിച്ചിട്ടില്ല.റബറിന്റെ താങ്ങുവില കൂട്ടണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. കേരളത്തിലെ പ്രവാസി സമൂഹത്തിനെ അവഗണിക്കുന്ന സമീപനമാണ്‌ ബഡ്‌ജറ്റിലുള്ളത്‌. പെട്രോളിനും ഡീസലിനും വിലകൂട്ടിയത്‌ കേരളത്തെയാണ്‌ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്‌. രൂക്ഷമായ വിലക്കയറ്റത്തിന്‌ ഇത്‌ വഴിവയ്‌ക്കും.റെയില്‍വേയില്‍ സ്വകാര്യപങ്കാളിത്തം അനുവദിക്കുന്നതും കേരളത്തെയായിരിക്കും പ്രതികൂലമായി ബാധിക്കുകയെന്ന്‌ വിജയരാഘവന്‍ കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week