‘എന്റെ സ്വന്തം ഭാര്യ’; ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെ വിവാഹം മുടക്കാന്‍ ശ്രമിച്ച ആദ്യ ഭര്‍ത്താവ് അറസ്റ്റില്‍
ലോസ് ആഞ്ചലസ്: പോപ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെ വിവാഹം മുടക്കാന്‍ മുന്‍ ഭര്‍ത്താവിന്റെ ശ്രമം. ലോസ് ഏഞ്ചല്‍സില്‍ നടന്ന സ്വകാര്യചടങ്ങിനിടെയായിരുന്നു നാടകീയ മുഹൂര്‍ത്തങ്ങള്‍. സാം അസ്ഗരിയും തമ്മിലുള്ള വിവാഹചടങ്ങിനിടെയായിരുന്നു സംഭവം.
മുന്‍ ഭര്‍ത്താവായ ജേസണ്‍ അലക്‌സാണ്ടര്‍ വിവാഹവേദിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. സംഭവത്തില്‍ ജേസണ്‍ അലക്‌സാണ്ടറിനെ പൊലീസ് അറസ്റ്റു ചെയ്തു.
ഇവള്‍ എന്റെ ആദ്യ ഭാര്യ, എന്റെ ഒരോയൊരു ഭാര്യ, ഞാന്‍ അവളുടെ ആദ്യ ഭര്‍ത്താവാണ്. ഈ കല്യാണം ഞാന്‍ നശിപ്പിക്കും എന്നു ആര്‍ത്തുകൊണ്ടാണ് ജേസണ്‍ വിവാഹവേദിയിലേക്ക് അതിക്രമിച്ചു കയറിയത്. ബലംപ്രയോഗിച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന്റെ വിഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
ബ്രിട്ട്‌നിയുടെ മൂന്നാം വിവാഹമാണിത്. 2004 ലാണ് ജേസണ്‍ അലക്‌സാണ്ടറും ബ്രിട്ട്‌നിയുമായുള്ള വിവാഹം. 55 മണിക്കൂറുകള്‍ മാത്രമായിരുന്നു ആ ബന്ധത്തിന്റെ ആയുസ്സ്. അതിനുശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു. പിന്നീട് അതേ വര്‍ഷം തന്നെ ഗായകന്‍ കെവിന്‍ ഫെഡെറലിനെ ബ്രിട്ട്‌നി വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. 2007 ല്‍ ഇവര്‍ വേര്‍പിരിഞ്ഞതിനെതുടര്‍ന്ന് ബ്രിട്ട്‌നിയുടെ പിതാവ് ജാമി സ്പിയേഴ്‌സ് കോടതിയില്‍ നിന്ന് ഗായികയുടെ രക്ഷാകര്‍ത്തൃഭരണം ഏറ്റെടുത്തു.
13 വര്‍ഷങ്ങള്‍ നീണ്ട രക്ഷാകര്‍തൃഭരണത്തില്‍ നിന്നും കഴിഞ്ഞ ഒക്ടോബറിലാണ് ബ്രിട്ട്‌നി സ്പിയേഴ്‌സ് മോചനം നേടിയത്. വര്‍ഷങ്ങളോളം പിതാവ് ജാമി സ്പിയേഴ്‌സ് ആയിരുന്നു ഗായികയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത്. പിതാവിന്റെ ഭരണത്തില്‍ മോചനം ലഭിച്ചതിന് പിന്നാലെ സാം അസ്ഖാരിയുമായി വിവാഹത്തിന് ഒരുങ്ങുന്നതായി താരം അറിയിച്ചിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതിന് പിന്നാലെ താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന വിവരവും ബ്രിട്ട്‌നി പങ്കുവച്ചിരുന്നു.