‘തുപ്പല്ലേ തോറ്റുപോകും’ ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട ക്യാമ്പയിന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗീകമായി ലോക് ഡൗണ്‍ പിന്‍വലിച്ച് തുടങ്ങിയ സാഹചര്യത്തില്‍ ബ്രേക്ക് ദി ചെയിന്‍ രണ്ടാംഘട്ട ക്യാമ്പയിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ജാഗ്രത തുടരേണ്ടതുണ്ട്. ഒരു തരത്തിലുമുള്ള കരുതലും കുറയാന്‍ പാടില്ല. ഇത് മുന്നില്‍ക്കണ്ടാണ് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് ബ്രേക്ക് ദി ചെയിന്‍ ‘തുടരണം ഈ കരുതല്‍’ രണ്ടാം ഘട്ട ക്യാമ്പയിന് രൂപം നല്‍കിയിരിക്കുന്നത്.
ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് ‘തുടരണം ഈ കരുതല്‍’ പോസ്റ്റര്‍ കൈമാറി മുഖ്യമന്ത്രി ക്യമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷന്‍, ആരോഗ്യ കേരളം എന്നിവ സംയുക്തമായാണ് ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം തടയാന്‍ നല്ല കരുതലോടെ തുടര്‍ന്നുള്ള ദിവസങ്ങളിലും മുന്നോട്ടുപോകാന്‍ കഴിയണം.
ജനങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് പൊതുസ്ഥലത്ത് തുപ്പാതിരിക്കുക എന്നത്. പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരെ ശക്തമായ ബോധവത്ക്കരണമുണ്ടാക്കാന്‍ ‘തുപ്പല്ലേ തോറ്റുപോകും’ എന്ന സന്ദേശം നല്‍കി കാമ്പയിന്‍ സംഘടിപ്പിക്കും. വൈറസ് രോഗവും മറ്റ് രോഗാണുക്കളും വ്യാപിക്കുന്നതിന് തുപ്പല്‍ ഉള്‍പ്പടെയുള്ള ശരീര സ്രവങ്ങള്‍ കാരണമാവുന്നുണ്ട്. ഇതോടൊപ്പം ഓര്‍ത്ത് വയ്ക്കേണ്ട ഒന്നാണ് എസ്.എം.എസ്. എസ്: സോപ്പ്, എം: മാസ്‌ക്, എസ്: സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്നിങ്ങനെ 3 കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കണം. ഇത് കൂടാതെ പൊതുജനങ്ങള്‍ പാലിക്കേണ്ട പത്ത് പ്രധാന കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിപുലമായ പ്രചാരണ പരിപാടികളാണ് നടത്തുക.
കര്‍ശനമായി പാലിക്കേണ്ട 10 കാര്യങ്ങള്‍
1. സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
2. മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുക
3. സാമൂഹിക അകലം പാലിക്കുക
4. മാസ്‌ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന വസ്തുക്കള്‍ വലിച്ചെറിയരുത്
5. പരമാവധി യാത്രകള്‍ ഒഴിവാക്കുക
6. വയോധികരും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീട് വിട്ട് പുറത്തിറങ്ങരുത്
7. കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങള്‍ തൊടരുത്
8. പൊതുഇടങ്ങളില്‍ തുപ്പരുത്
9. പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിര്‍ത്തുക
10. ചുമയ്ക്കുമ്‌ബോള്‍ തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചു പിടിക്കുക