കൊവിഡ് വ്യാപനം; ഡല്‍ഹിയില്‍ അതിര്‍ത്തികള്‍ അടച്ചു, പ്രവേശനം പാസുള്ള അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രം
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ അതിര്‍ത്തികള്‍ അടച്ച് ഡല്‍ഹി സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് നോയിഡ, ഹരിയാന ഗുരുഗ്രാം അതിര്‍ത്തികള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചു.
പാസുള്ള അവശ്യ സര്‍വീസ് വാഹനങ്ങള്‍ക്ക് മാത്രമാകും ഡല്‍ഹിയിലേക്ക് പ്രവേശനം. അതിര്‍ത്തികള്‍ തുറന്നാല്‍ ആ നിമിഷം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആള്‍ക്കാര്‍ ചികിത്സയ്ക്കായി ഡല്‍ഹിയില്‍ വരും. അതിര്‍ത്തികള്‍ തുറക്കുന്നതിലും, ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായി ചികിത്സ നിജപ്പെടുത്തുന്നതിലും അരവിന്ദ് കേജ്രിവാള്‍ ജനങ്ങളുടെ അഭിപ്രായം തേടി. വെള്ളിയാഴ്ചയ്ക്കകം അഭിപ്രായം അറിയിക്കാനും നിര്‍ദേശിച്ചു.
ഒരാഴ്ച കഴിഞ്ഞ് ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും അതിര്‍ത്തികള്‍ തുറക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കുകയെന്നും കേജരിവാള്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍ ഉള്‍പ്പടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കി.