മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്ന മട്ടില്‍ വാര്‍ത്തകള്‍ നല്‍കരുതെന്നും കോടതി നിര്‍ദേശം നല്‍കി. റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമ വിചാരണ വിലക്കണമെന്നും, ഒരു വിഭാഗം മാധ്യമങ്ങള്‍ മുംബൈ പോലീസിനെതിരെ നടത്തുന്ന ആക്രമണം തടയണമെന്നും ആവശ്യപ്പെട്ട് എട്ട് റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. മാധ്യമങ്ങളില്‍ നിന്ന് സംയമനം പ്രതീക്ഷിക്കുന്നു. അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്ന മട്ടില്‍ വാര്‍ത്ത നല്‍കരുത്. അടുത്തയാഴ്ച ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.
അതേസമയം, നടി റിയ ചക്രവര്‍ത്തിയുടെ അച്ഛന്‍ ഇന്ദ്രജിത് ചക്രവര്‍ത്തിയെ തുടര്‍ച്ചയായ മൂന്നാം ദിവസവും സിബിഐ അന്വേഷണസംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്തു. സുശാന്തിന്റെ വീട്ടുജോലിക്കാരായ നീരജിന്റെയും കേശവിന്റെയും മൊഴിയെടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ഊര്‍ജിതമാക്കി. നടന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ വരുണ്‍ മാഥുറിനെ ചോദ്യം ചെയ്തു. സുശാന്തിന്റെ ബിസിനസ് ബന്ധങ്ങളെ കുറിച്ചും നിക്ഷേപങ്ങളെ കുറിച്ചും മനസിലാക്കാനാണ് വരുണ്‍ വരുണ്‍ മാഥുറിനെ വിളിച്ചുവരുത്തിയത്.