മകനൊപ്പം ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ ബോളിവുഡ് നടിയെ തടാകത്തില്‍ കാണാതായി
ന്യൂയോര്‍ക്ക്: നാല് വയസുകാരനായ മകനോടൊപ്പം ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ ഹോളിവുഡ് നടിയെ തടാകത്തില്‍ കാണാതായി. നടിയും ഗായികയും മോഡലുമായ നയാ റിവേരയെയാണ് കാണാതായത്. ബുധനാഴ്ചയാണ് നടിക്കായുള്ള തെരച്ചില്‍ ആരംഭിച്ചത്.
അമേരിക്കന്‍ നഗരമായ ലോസ് ആഞ്ജലസ് ഡൗണ്‍ടൗണിന് ഏകദേശം 90 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് ആയി സ്ഥിതി ചെയ്യുന്ന പീരു തടാകത്തിലാണ് നയയെ കാണാതായത്. കാണാതാവുന്നതിന് തൊട്ട് മുന്‍പ് വരെ മകനോടൊപ്പമുള്ള ചിത്രം നയ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. നടി വെള്ളത്തില്‍ മുങ്ങിപ്പോയിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ബുധനാഴ്ച നടി ബോട്ട് വാടകയ്ക്ക് എടുത്തിരുന്നുവെന്ന് കെഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മകനെ ലൈഫ് ജാക്കറ്റ് ധരിച്ച നിലയില്‍ ബോട്ടില്‍ കണ്ടെത്തിയെന്നുമാണ് വിവരം.
റയാന്‍ ഡോര്‍സേയാണ് മുന്‍ഭര്‍ത്താവ്. ഫോക്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മ്യൂസിക്കല്‍ കോമഡി ഷോയായ ഗ്ലീയുടെ 113 എപ്പിസോഡുകളില്‍ അഭിനയിച്ചിരുന്നു നയ റിവേര. ചിയര്‍ ലീഡറിന്റെ കഥാപാത്രമാണ് അവതരിപ്പിച്ചുകൊണ്ടിരുന്നത്. 2009- 2015 വരെയായിരുന്നു ഗ്ലീയുടെ സംപ്രേക്ഷണം.