വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ സീരിയൽ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തി. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജുവിനെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മലയാള സിനിമയുടെ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്ക ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.
ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്. ഷിജുവിന്റെ അച്ഛൻ ഉൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഷിജുവിന്റെ അയൽക്കാരനും ക്യാമറ അസ്സിസ്റ്റന്റും സഹപ്രവർത്തകനുമായ പ്രണവ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളുടെ വീട്ടുകാർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സൂര്യ ഡിജിറ്റൽ വിഷനിലെ ക്യാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ് , അമ്മക്കിളിക്കൂട് ഉൾപ്പടെ നിരവധി സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇന്നലെ പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ, ചുരൽമല, അട്ടമല തുടങ്ങി പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ഇതിനോടകം 164 പേരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയിരിക്കുന്നത്. ഇനിയും ഒട്ടനവധി പേർ മണ്ണിനടയിൽ അകപ്പെട്ട് കിടക്കുകയാണ്. ഇവർക്കായുള്ള തെരച്ചിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു വരികയാണ്. രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിർമിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി സൈന്യം എത്തിച്ചേർന്നിട്ടുണ്ട്. സൈന്യത്തിന്റെ 3 കെടാവർ ഡോഗുകളും ഒപ്പമെത്തും.
അതേസമയം, മുണ്ടക്കൈയിൽ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400ലധികം വീടുകളാണ് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. ചാലിയാറിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിയിട്ടുണ്ട്. ബന്ധുക്കളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇനിയും 200ലേറെ പേരെ കണ്ടെത്താനുണ്ട്. എന്നാൽ 98 പേരെയാണ് കാണാതായതെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. നിലവില്‍ 150 സൈനികരാണ് ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.