സഹപ്രവര്‍ത്തകയെ ലൈംഗികമായി അതിക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; ബഹുരാഷ്ട്ര കമ്പനി എക്‌സിക്യൂട്ടീവിനെതിരെ പരാതി
ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ ഗുരുഗ്രാമിലെ ബഹുരാഷ്ട്ര കമ്പനി എക്സിക്യുട്ടീവിനെ പോലീസ് തിരയുന്നു. ഡല്‍ഹി സ്വദേശിനിയായ 24 കാരിയാണ് തിങ്കളാഴ്ച പരാതിയുമായി പോലീസിനെ സമീപിച്ചത്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. വിവാഹം കഴിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. 25കാരനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
യുവാവുമായി നേരത്തെ പരിചയമുണ്ടെന്ന് യുവതി പറയുന്നു. കഴിഞ്ഞ സെപ്തംബറില്‍ ഇയാള്‍ യുവതിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തി. ഇത് നിരസിച്ചതോടെ തന്നെ പിരിഞ്ഞാല്‍ കൈഞരമ്പ് മുറിച്ചോ തല ചുവരില്‍ ഇടിച്ചോ മരിക്കമെന്ന് ഭീഷണി മുഴക്കി ഫെബ്രുവരി അവസാന ആഴ്ചയില്‍ സോഹ്ന റോഡിലുള്ള വീട്ടിലേക്ക് തന്നെ ക്ഷണിച്ചു. അവിടെവെച്ച് യുവാവ് ലൈംഗികമായി അതിക്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. യുവതിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും അക്കാര്യം യുവതിയുടെ മാതാപിതാക്കളുമായി സംസാരിക്കുമെന്നും പറഞ്ഞു. ഈ സമയം യുവതി അറിയാതെ ഇയാള്‍ ഈ ദൃശ്യമെല്ലാം വീഡിയോയില്‍ പകര്‍ത്തിയിരുന്നു. മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.