ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; വിവാഹ മോചന നോട്ടീസ് അയച്ച് ബി.ജെ.പി എം.പി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബി.ജെ.പി എം.പിയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി എം.പി സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ടാല്‍ ഖാനാണ് തൃണമൂല്‍ അംഗത്വം സ്വീകരിച്ചത്.
ഭാരതീയ ജനത യുവമോര്‍ച്ചയുടെ പ്രസിഡന്റായ സൗമിത്ര ഖാന്‍ ബിഷ്ണുപൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. ബിജെപി ജനങ്ങള്‍ക്ക് ശരിയായ ബഹുമാനവും സംരക്ഷണവും നല്‍കുന്നില്ലെന്ന് തൃണമൂലില്‍ ചേര്‍ന്ന ശേഷം സുജാത മൊണ്ടാല്‍ ആരോപിച്ചു.
കളങ്കിതരായ നേതാക്കളെ ശുദ്ധീകരിക്കാന്‍ ബിജെപി ഉപയോഗിക്കുന്നത് ഏതു തരത്തിലുള്ള സോപ്പാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും സുജാത പരിഹസിച്ചു. അതേസമയം, സുജാതയുടെ തൃണമൂല്‍ പ്രവേശനം അവരുടെ കുടുംബത്തിലും വിള്ളലുണ്ടാക്കിയിരിക്കുകയാണ്. സൗമിത്ര ഖാന്‍ വിവാഹമോചന നോട്ടീസ് നല്‍കിയതായാണ് വിവരം.
കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളിലൊരാളായ സുവേന്ദു അധികാരിയും സംഘവും ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ ഭാര്യ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എത്തിയിരിക്കുന്നത്.