ജവാന്റെ ഭാര്യയെ ബി.ജെ.പി നേതാവ് പീഡിപ്പിച്ചതായി പരാതി
കൊല്ലം: ബിഎസ്എഫ് ജവാന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ബിജെപി നേതാവിനെതിരെ പരാതി . കൊല്ലം നെടുമ്പന സ്വദേശിയും ബിജെപി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഓമനക്കുട്ടനെതിരെയാണ് അയല്‍വാസിയായ സ്ത്രീ പരാതി നല്‍കിയത്.
2017 ഫെബ്രുവരിയിലായിരുന്നു സംഭവം.പട്ടാളത്തിലുള്ള ഭര്‍ത്താവിന്റെ ട്രാന്‍സ്ഫര്‍ ശരിയാക്കാന്‍ സംസാരിക്കാനെന്ന വ്യാജേന ഓമനക്കുട്ടന്റെ സുഹൃത്തായ വത്സല എന്ന യുവതിയുടെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. തന്നെ കയറിപ്പിടിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത ഓമനക്കുട്ടന്‍ സംഭവം പുറത്തറിഞ്ഞാല്‍ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കി. ബിജെപി അംഗം കൂടിയായ ഭര്‍ത്താവ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍, സംസ്ഥാന പ്രസിഡന്റ്, സംഘടനാ സെക്രട്ടറി തുടങ്ങിയവര്‍ക്ക് ഇ മെയിലായി ഇവര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഓമനക്കുട്ടന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.