ബി.ജെ.പിയുടെ ആസ്തിയില്‍ വന്‍വര്‍ധനവ്, 1483 കോടി! കോണ്‍ഗ്രസിന്റെ ആസ്തിയില്‍ 15 ശതമാനം ഇടിവ്
ന്യൂഡല്‍ഹി: ഒരുവര്‍ഷത്തിനിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തികളില്‍ ഉണ്ടായ വ്യത്യാസം പുറത്തുവിട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. ബിജെപിക്ക് മാത്രമെന്നാണ് ആസ്തിയുടെ കാര്യത്തില്‍ കാര്യമായ വര്‍ധനവുണ്ടായതെന്ന് എഡിആര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. 2017-18 സാമ്പത്തിക വര്‍ഷം ബിജെപിയുടെ ആകെ ആസ്തിയില്‍ 22.27 ശതമാനം വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഏഴ് രാഷ്ട്രീയപാര്‍ട്ടികളുടെ ആസ്തിവിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. പാര്‍ട്ടികളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍, നിക്ഷേപങ്ങള്‍, ബാധ്യതകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1213.13 കോടി രൂപയുടെ സ്വത്തുക്കളാണ് ബിജെപിക്കുണ്ടായിരുന്നത്. അടുത്ത സാമ്പത്തികവര്‍ഷം ഇത് 1483.35 കോടിയായി ഉയര്‍ന്നു. ബിജെപിക്ക് പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികളുടെ ആസ്തികളും വര്‍ധിച്ചിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും സ്വത്തുക്കളില്‍ ഇക്കാലയളവില്‍ കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016-17-ല്‍ 854.75 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന കോണ്‍ഗ്രസിന് തൊട്ടടുത്ത സാമ്പത്തിക വര്‍ഷം 724.35 കോടി രൂപയായി കുറഞ്ഞു. 15.26 ശതമാനത്തിന്റെ കുറവ്. എന്‍സിപിയുടെ ആസ്തിയില്‍ 16.39 ശതമാനത്തിന്റെ കുറവുണ്ടായെന്നും എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 11.41 കോടിയുടെ ആസ്തിയുണ്ടായിരുന്ന എന്‍സിപിക്ക് 2017-18 വര്‍ഷമായപ്പോള്‍ 9.54 കോടി മാത്രമാണ് ആസ്തി.
ഇടതുപക്ഷത്തിന്റെ കാര്യത്തില്‍ ആസ്തിയില്‍ നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ ആകെ ആസ്തിമൂല്യം 2016-17 സാമ്പത്തിക വര്‍ഷത്തിലെ 463.76 കോടിയില്‍ നിന്നും അടുത്തവര്‍ഷം 482.1 കോടിയായി ആസ്തി ഉയര്‍ന്നിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റേത് 26.25 കോടിയില്‍നിന്ന് 29.1 കോടിയായും ബിഎസ്പിയുടേത് 680.63 കോടിയില്‍നിന്ന് 716.72 കോടി രൂപയായും ഉയര്‍ന്നു.