KeralaNews

വിഷു ബമ്പര്‍ ഭാഗ്യവാനെ തിരിച്ചറിഞ്ഞു,അജ്ഞാതനായി തുടരും,കാരണമിതാണ്‌

തിരൂരങ്ങാടി: വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനം അടിച്ച ഭാഗ്യവാന് പേര് പുറത്തറിയുന്നതിൽ താൽപ്പര്യമില്ലെന്ന് സൂചന. ഭാവിയിൽ ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കിയാണ് ഇത്. ഇത്തവണ വിഷു ബമ്പർ 12 കോടി ചെമ്മാട് പുതിയ ബസ്സ്റ്റാൻഡിലെ സി.കെ.വി. ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് കിട്ടിയത്. ബുധനാഴ്ച നറുക്കെടുപ്പ് നടന്നശേഷം ബമ്പറടിച്ച വിവരം അറിഞ്ഞെങ്കിലും ഭാഗ്യവാനെ കണ്ടെത്താനാകാതെ ലോട്ടറി ഏജൻസി ഉടമയും ജീവനക്കാരും വലഞ്ഞു. ഇതിന് കാരണം പുറത്തു പറയാൻ താൽപ്പര്യമില്ലായ്മയാണ്.

ഓണം ബമ്പർ 25 കോടിയുടേതായിരുന്നു. അന്ന് ബമ്പർ അടിച്ച ഒന്നാം സമ്മാനക്കാരൻ വാർത്തകളിൽ താരമായി. എന്നാൽ അതിന് ശേഷം ഉറക്കില്ലാ രാവുകളായിരുന്നു. പലരും സഹായ അഭ്യർത്ഥനയുമായി എത്തി. പല ആവശ്യങ്ങളും നിർദ്ദേശങ്ങളും എത്തി. ഇതെല്ലാം ഒന്നാം സമ്മാനക്കാരന്റെ പേരു വിവരം പുറത്തു വന്നതു കൊണ്ടായിരുന്നു. ഓണം ബമ്പറിൽ രണ്ടാം സമ്മാനം അഞ്ചു കോടിയായിരുന്നു. എന്നാൽ ഈ കോടിപതി ആരെന്ന് ആരും അറിഞ്ഞില്ല. പാലായിൽ വിറ്റ ടിക്കറ്റിനായിരുന്നു രണ്ടാം സമ്മാനം. കാനറാ ബാങ്കു വഴി ടിക്കറ്റ് തുക നേടിയ ഈ രണ്ടാം സമ്മാനക്കാരൻ പേരു വിവരം രഹസ്യമാക്കി.

താനാരെന്ന് ആരും അറിയരുതെന്ന നിർദ്ദേശവുമായാണ് ടിക്കറ്റ് ബാങ്കിൽ നൽകിയത്. അത് ബാങ്ക് അക്ഷരം പ്രതിപാലിക്കുകയും ചെയ്തു. ഇതു പോലെ വിഷു ബമ്പറിലെ ഒന്നാം സ്ഥാനക്കാരനും 12 കോടി പേര് പുറത്തു പറയാതെ നേടാൻ നോക്കും. ഇതിലൂടെ ഭാവിയിൽ ഉണ്ടാകുന്ന വലിയ സാമ്പത്തിക സമ്മർദ്ദം ഒഴിവാക്കാം. അതിനിടെ വിഷു ബമ്പറിലെ ജേതാവിനെ കണ്ടെത്താൻ ലോട്ടറി ഏജൻസി കൊണ്ടു പിടിച്ച് ശ്രമം നടത്തുന്നുണ്ട്. അവർക്കും നല്ലൊരു തുക കമ്മീഷനായി പ്രൈസിൽ നിന്ന് ലഭിക്കും. ബമ്പർ സമ്മാന ജേതാവ് എത്തിയാലും ഇല്ലെങ്കിലും ഈ തുക അവർക്ക് ലഭിക്കും.

ഭാഗ്യവാനെ ഉടനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ ബുധനാഴ്ച രാത്രിയും ഏജൻസി ഉടമയും ജീവനക്കാരും അന്വേഷണം തുടർന്നു. കടയിലെത്തുന്നവരുടെ ചോദ്യങ്ങൾക്കു മറുപടിപറഞ്ഞ് കുഴങ്ങിയ ജീവനക്കാർ ഒടുവിൽ ലഡു എത്തിച്ച് എല്ലാവർക്കും വിതരണംചെയ്തു. താനൂർ സ്വദേശിയായ എ.കെ. ആദർശിന്റെ ഉടമസ്ഥതയിലുള്ളതാണ് ചെമ്മാട്ടെ ലോട്ടറി ഏജൻസി. ഇവർക്ക് തിരൂർ, താനൂർ, കുറ്റിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലും ഏജൻസികളുണ്ട്. ഇതിനുമുൻപും ഇവർ വിൽപ്പന നടത്തിയ ടിക്കറ്റുകൾക്ക് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ബമ്പർ സമ്മാനം ആദ്യമായാണു ലഭിക്കുന്നത്.

ഒന്നരവർഷം മുൻപാണ് ചെമ്മാട്ടെ പുതിയ ബസ്സ്റ്റാൻഡിൽ ഇവർ ലോട്ടറി ഏജൻസി തുടങ്ങിയത്. രണ്ടാഴ്ച മുൻപ് വിൽപ്പന നടത്തിയ വി.ഇ. 475588 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സർക്കാരിൽനിന്ന് നേരിട്ടാണ് ടിക്കറ്റുകൾ എടുത്തതെന്ന് ഉടമ പറഞ്ഞു. ബസ്സ്റ്റാൻഡിലുള്ള കടയായതിനാൽ പല സ്ഥലങ്ങളിലുള്ളവരും ഇവിടെനിന്ന് ടിക്കറ്റെടുക്കാറുണ്ട്. അതുകൊണ്ട് തന്നെ ആളെ കണ്ടെത്തൽ ദുഷ്‌കരമാണ്.

‘ഏകദേശം രണ്ടാഴ്ച മുൻപാണ് ടിക്കറ്റ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയത്. ആരാണ് വാങ്ങിപ്പോയതെന്ന് അറിയില്ല. ഇതുവരെ ആരും നമ്മളെ ബന്ധപ്പെട്ടിട്ടുമില്ല. ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചതിൽ ഒരുപാട് സന്തോഷം. എല്ലാവർക്കും മധുരം നൽകി ഞങ്ങൾ ആഘോഷിക്കുന്നുണ്ട്. ഇവിടുത്തെ നാട്ടുകാരെല്ലാം ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുകയാണ്. മുൻപ് രണ്ടാം സമ്മാനങ്ങളും രണ്ട് മൂന്ന് തവണ മൂന്നാം സമ്മാനങ്ങളും ഏജൻസിക്ക് അടിച്ചിട്ടുണ്ട്. ബമ്പറിന്റെ ഒന്നാം സമ്മാനം ഇതാദ്യമാണ്’, എന്ന് ഷോപ്പുടമ ആദർശ് പറഞ്ഞു. സമീപ പ്രദേശത്തുള്ള ആരെങ്കിലും ആകാം ഭാഗ്യശാലി എന്നാണ് ഇവർ കരുതുന്നത്.

അതേസമയം, VA 513003 VB 678985 VC 743934 VD 175757 VE 797565 VG 642218 എന്നീ ടിക്കറ്റുകൾക്കാണ് വിഷു ബമ്പറിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം VA 214064 VB 770679 VC 584088 VD 265117 VE 244099 VG 412997 എന്നീ ടിക്കറ്റുകൾക്കാണ് ലഭിച്ചത്. ഇത്തവണ വിഷു ബമ്പറിന്റെ 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഈ ടിക്കറ്റുകൾ മുഴുവനും വിറ്റുവെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്.

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് നാല്പത്തി രണ്ട് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിഷു ബമ്പറിനായി അച്ചടിച്ചത്. ഈ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു. 300 രൂപയായിരുന്നു ബമ്പറിന്റെ ടിക്കറ്റ് വില. 42 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞപ്പോൾ ഏകദേശം 126 കോടിയോളം രൂപയാണ് സർക്കാരിന് ലഭിച്ചത്. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുക മാത്രമേ സർക്കാരിനു കിട്ടൂ.

വിഷു ബമ്പർ ഒന്നാം സമ്മാനമടിച്ച ഭാഗ്യശാലിക്ക് 12 കോടി രൂപയും കയ്യിൽ ലഭിക്കില്ല. എജന്റ് കമ്മീഷനും 30 ശതമാനം നികുതി കിഴിച്ച് വരുന്ന 7 കോടി 20 ലക്ഷം അടുപ്പിച്ച തുക ആകും ഭാഗ്യശാലിക്ക് ലഭിക്കു. കഴിഞ്ഞ വർഷം പത്ത് കോടി രൂപയുടെ സമ്മാന ജേതാവിന് 6 കോടിയോളം രൂപയാണ് കയ്യിൽ ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button