പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്ത് റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആക്ഷൻ കൗൺസിൽ.
മുൻകൂർ ജാമ്യത്തിനായി നടി നീക്കം തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന.കേസിൽ നേരത്തേ അറസ്റ്റിലായ പള്ളിമുക്ക് കൊല്ലൂർവിള ഇക്ബാൽ നഗർ കിട്ടന്റഴികത്ത് വീട്ടിൽ ഹാരിഷിന്റെ (24) സഹോദന്റെ ഭാര്യയാണ് ലക്ഷ്മി. റംസിയും ഹാരിഷും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹാലോചന വന്നപ്പോൾ ഇയാൾ റംസിയെ ഒഴിവാക്കി.ഇതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.
റംസി ലക്ഷ്മിയുമായി നല്ല അടുപ്പത്തിലായിരുന്നു. സോഷ്യൽ മീഡിയയിൽ റംസിയും ലക്ഷ്മിയും ചേർന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരുന്നു. ഇരുവരും തമ്മിലുളള സന്ദേശങ്ങൾ കേസിൽ നിർണായകമായേക്കും. നടിയേയും ഹാരിഷിന്റെ അമ്മയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.