മകന്റെ ശബരിമല ദര്‍ശനം: കോടിയേരിയുടെ വിശദീകരണം
തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ പോകുന്നതിനോ വിശ്വാസങ്ങള്‍ അവലംബിയ്ക്കുന്നതിനോ കുടുംബാംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ബിനോയ് കോടിയേരിയുടെ ശബരിമല സന്ദര്‍ശനം സംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.താന്‍ വിശ്വാസിയല്ല. എന്നാല്‍ ബിനോയി മുന്‍പും ശബരിമലയില്‍ പോയിട്ടുണ്ട്.
പാര്‍ട്ടിക്കാര്‍ ക്ഷേത്രത്തില്‍ പോയെന്ന് കേട്ടാലുടനെ നടപടിയെടുക്കാറില്ല. എന്നു കരുതി സിപിഎമ്മുകാരെല്ലാം ക്ഷേത്രകാര്യങ്ങള്‍ക്കു പോകണമെന്നു പറയാന്‍ തന്നെ കിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറിയായ താന്‍ അമ്പലത്തില്‍ പോയിരുന്നാല്‍ പാര്‍ട്ടി കാര്യങ്ങള്‍ ആര് നോക്കുമെന്നും കോടിയേരി ചോദിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 17 ന് വൈകിട്ടാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇരുമുടിക്കെട്ടുമായി ആചാരപ്രകാരമായിരുന്നു ദര്‍ശനം. ബിനോയ്‌ക്കൊപ്പം എട്ട് പേരടങ്ങിയ സംഘവുമുണ്ടായിരുന്നു. ശബരിമല അയ്യപ്പനെ തൊഴുത് മേല്‍ശാന്തിയുടെ കൈയില്‍ നിന്ന് പ്രസാദം സ്വീകരിച്ചാണ് സംഘം മടങ്ങിയത്.
ബിഹാര്‍ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിനോയ് മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുകയാണ്. എല്ലാ തിങ്കളാഴ്ചയും മുംബൈ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.യുവതിയുടെ ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് കണ്ടെത്തുന്നതിനായി ബിനോയിയുടെ ഡി.എന്‍.എ സാമ്പിളും പോലീസ് ശേഖരിച്ചിരുന്നു.