നടി ആക്രമിക്കപ്പെട്ട കേസില്‍ ബിന്ദു പണിക്കരും മൊഴിമാറ്റി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ ബിന്ദു പണിക്കരും മൊഴി മാറ്റി. അന്വേഷണസംഘം മുമ്പാകെ കൊടുത്ത മൊഴിയാണ് ബിന്ദു പണിക്കര്‍ കോടതിയില്‍ മാറ്റി പറഞ്ഞത്. ഇതോടെ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
കേസിന്റെ ഭാഗമായി ഇതുവരെ 39 പേരുടെ സാക്ഷി വിസ്താരമാണ് കോടതിയില്‍ നടന്നത്. നേരത്തെ നടന്‍ ഇടവേള ബാബുവും കൂറ് മാറിയിരുന്നു. കഴിഞ്ഞദിവസം നടന്ന വിസ്താരത്തിനിടെയാണ് ബാബു എട്ടാം പ്രതിയായ നടന്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കിയത്. പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് ബാബു പിന്‍മാറി.
അതേസമയം, കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് തന്നെ ഭീഷണിപ്പെടുത്തിയത് പ്രത്യേക കേസായി പരിഗണിക്കണമെന്ന നടന്‍ ദിലിപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച കേസിനോടൊപ്പം ഇത് പരിഗണിക്കരുതെന്നായിരുന്നു ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.