കൊല്ലം: വാഹന പരിശോധനയ്ക്കിടെ കൊറോണയുടെ പേര് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പോലീസ് പൊക്കി. കൊല്ലം ചിന്നക്കടയില്‍ പോലീസ് നടത്തിയ വാഹന പരിശോഘനയ്ക്കിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബൈക്കിലെത്തിയ യുവാവിനെ കൈ കാണിച്ചപ്പോള്‍ തനിക്ക് കോവിഡ് ആണെന്ന് പറഞ്ഞ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് കൈ കാണിച്ചപ്പോള്‍ ആംഗ്യം കാണിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മുണ്ടക്കല്‍ സ്വദേശിയായ യുവാവിന്റെ ഫോണിലേക്ക് ട്രാഫിക് എസ്ഐ എ പ്രദീപിന്റെ കോളെത്തി.
പനിയാണെന്നും ഡോക്ടര്‍ 14 ദിവസം വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും വാഹന ഉടമ പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലേക്കു വരുകയാണെന്നു പോലീസ് പറഞ്ഞപ്പോള്‍ ‘വേണ്ട സാറെ ഞാന്‍ സ്റ്റേഷനില്‍ വരാ’മെന്നായി. ഉടന്‍ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ എത്തി. അടുത്തകാലത്തൊന്നും പനി വന്നിട്ടില്ലെന്നും വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും പറഞ്ഞു. കേസ് ഈസ്റ്റ് പോലീസിനു കൈമാറി.