
ഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലൂടെ വളരെവേഗം പ്രശസ്തിനേടിയ മോണാലിസയെന്ന പെണ്‍കുട്ടിയെ നായികയാക്കി സിനിമയെടുക്കുമെന്ന പ്രഖ്യാപനം നടത്തിയ സനോജ് മിശ്ര ബലാത്സംഗക്കേസില്‍ അറസ്റ്റിലായത് വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനംനല്‍കി പീഡിപ്പിച്ചുവെന്ന് മറ്റൊരു യുവതി പരാതിപ്പെട്ടതിന് പിന്നാലെയാണ് മിശ്ര കുടുങ്ങിയത്. ഇതോടെ മോണാലിസയുടെ സിനിമ സ്വപ്‌നങ്ങള്‍ നടക്കാതെപോകുമെന്ന ആശങ്ക ഉയര്‍ന്നു.
സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് യുവതികളോട് മോശമായി പെരുമാറുന്നയാളാണോ ഈ സംവിധായകന്‍ എന്നതരത്തിലും വിമര്‍ശനങ്ങളുയര്‍ന്നു. എന്നാല്‍ സംവിധായകന്‍ അറസ്റ്റിലായ ബലാത്സഗക്കേസില്‍ ഇപ്പോള്‍ നാടകീയ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് താന്‍ സംവിധായകനെതിരെ പരാതി നല്‍കിയത് എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരി.
സംഭവത്തെക്കുറിച്ച് വിശദീകരിച്ച യുവതി സനോജ് മിശ്രയ്‌ക്കെതിരെയുള്ള ലൈംഗിക പീഡന പരാതി പിന്‍വലിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് സംവിധായകനെതിരെ പരാതി കൊടുപ്പിച്ചത് എന്നാണ് യുവതി ആരോപിക്കുന്നത്. പരാതി പിന്‍വലിക്കാന്‍ ഒരുങ്ങിയപ്പോള്‍ തന്നെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമം നടന്നു. സിനിമ നിര്‍മാതാവ് വാസിം റിസ്‌വിയും മറ്റുനാലുപേരുമാണ് പ്രശസ്തിക്കുവേണ്ടി തന്റെ ജീവന്‍തന്നെ അപകടത്തിലാക്കാന്‍ ശ്രമിക്കുന്നതെന്നാണ് യുവതിയുടെ ആരോപണം.
ദി ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍ എന്ന സിനിമയ്ക്കുവേണ്ടി സംവിധായകന്‍ സനോജ് മിശ്രയ്‌ക്കൊപ്പം ജോലിചെയ്യുകയായിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായശേഷം പലരും പ്രകോപിപ്പിച്ചു തുടങ്ങി. അതിനിടെയാണ് മഹാകുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശസ്തി നേടിയ മോണാലിസ രംഗത്തെത്തുന്നത്. അവര്‍ സനോജ് മിശ്രയ്‌ക്കൊപ്പം വിവിധ വേദികളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. അതിനിടെ പലരും തനിക്ക് ചിത്രങ്ങള്‍ അയച്ചുതരികയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇത്തരം നീക്കങ്ങളില്‍ പ്രകോപിതയായാണ് താന്‍ സനോജ് മിശ്രയ്‌ക്കെതിരെ കേസ് കൊടുത്തത്. എന്നാല്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതോടെ താന്‍ നടുങ്ങിപ്പോയി. ഇതോടെ കോടതിയിലെത്തി സത്യവാങ്മൂലം നല്‍കുകയും കേസ് പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങുകയും ചെയ്തു. ഇതോടെ എന്നെ ജയിലിലാക്കുമെന്നുവരെ ഭീഷണികള്‍ ഉയര്‍ന്നു. തെറ്റുപറ്റിയെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. എനിക്ക് എന്തെങ്കിലും സംഭവിക്കുകയോ, താന്‍ ആത്മഹത്യ ചെയ്യുകയോ ഉണ്ടായാല്‍ നിര്‍മാതാവ് വാസിം റിസ്‌വിയും മറ്റ് നാലുപേരും ആയിരിക്കും ഉത്തരവാദികള്‍.
ഒരു സ്ത്രീയുടെ മാന്യതവച്ചാണ് ചിലര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. തന്റെ അനുമതിയില്ലാതെ ചിലര്‍ കേസിലെ എഫ്.ഐ.ആര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ചോര്‍ത്തി. ചിലരെ കുടുക്കാന്‍വേണ്ടിയാണ് ഇങ്ങനെചെയ്തത്. ഇതോടെയാണ് താന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ചിലര്‍ അത് അനുവദിക്കില്ല എന്നതരത്തിലാണ് പെരുമാറിയതെന്നും നടി പറയുന്നു.
നാല് വര്‍ഷത്തോളം തന്നെ പീഡത്തിന് ഇരയാക്കിയെന്ന 28-കാരിയുടെ പരാതിയിലാണ് ഡല്‍ഹി പോലീസ് സനോജ് മിശ്രയെ അറസ്റ്റ് ചെയ്തത്. തന്നെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ യുവതി ഉന്നയിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ നാടകീയ വഴിത്തിരിവുണ്ടായിരിക്കുന്നത്.