KeralaNews

ഗേറ്റ് തകര്‍ത്ത്‌ വൈദികരും വിശ്വാസികളും, പ്രതിരോധിച്ച് പൊലീസ് സംഘം,അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘര്‍ഷം; ആറ് വൈദികര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മില്‍ വീണ്ടും സംഘര്‍ഷം. ബിഷപ്പ് ഹൗസിന്റെ കവാടം തള്ളിത്തുറക്കാന്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഗേറ്റ് തുറന്ന് ബിഷപ്പ് ഹൗസിലേക്ക് കടക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വൈദികരുള്‍പ്പെടെയുള്ള വിഭാഗമാണ് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഒരു വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. നിലവില്‍ പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്.

പ്രതിഷേധത്തിനിടെ ബിഷപ്പ് ഹൗസിന്റെ ഗേറ്റ് തകര്‍ത്തു. പൊലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. വൈദികരെ മുന്നില്‍ നിര്‍ത്തിയാണ് പ്രതിഷേധം. ഗേറ്റില്‍ കയര്‍ കെട്ടിയശേഷം വലിച്ചുകൊണ്ടാണ് ഗേറ്റിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്തത്. വൈദികരെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികള്‍ പ്രതിഷേധം ഉയര്‍ത്തിയത്. ഗേറ്റ് തകര്‍ക്കാതിരിക്കാനുള്ള ശ്രമം പൊലീസ് നടത്തിയെങ്കിലും വിഫലമായി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

വൈദികരെ പൊലീസ് ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമിക്കുകയാണ്. പൊലീസും പ്രതിഷേധക്കാരും നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. ഗേറ്റ് തകര്‍ത്തെങ്കിലും പ്രതിഷേധക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. ചര്‍ച്ച നടത്തുന്നതിനായി രണ്ട് വൈദികരെ പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.

എറണാകുളം ബിഷപ് ഹൗസിലെ സംഘര്‍ഷത്തില്‍ വൈദികരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. പ്രതിഷേധിക്കുന്ന വൈദികരെ ബലം പ്രയോഗിച്ച് കൊണ്ടുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പുലര്‍ച്ചെ മുതല്‍ തുടങ്ങിയ പ്രതിഷേധം ഇടയ്ക്ക് തണുത്തെങ്കിലും റോഡ് തടഞ്ഞുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന് പറഞ്ഞതോടെ പൊലീസിനെതിരെ വിശ്വാസികള്‍ വീണ്ടും പ്രതിഷേധിക്കുകയായിരുന്നു. അതേസമയം, തഹസില്‍ദാര്‍ ഉടന്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തും. ഈ ആഴ്ച്ച തന്നെ പ്രതിഷേധക്കാരെ കാണുമെന്ന് കളക്ടര്‍ അറിയിച്ചു.

അതേസമയം, വൈദികര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി സീറോ മലബാര്‍ സഭ സിനഡ് രംഗത്തെത്തി. ബിഷപ്പ് ഹൗസിനുള്ളില്‍ സമരം ചെയ്ത വൈദികരായ ആറു പേരെ സഭ സസ്പെന്‍ഡ് ചെയ്തു. 15 വൈദികര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സമരം ചെയ്ത ആറ് വൈദികര്‍ക്ക് കുര്‍ബാന ചൊല്ലുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സീറോ മലബാര്‍ സഭ സിനഡാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഇതിനിടെ പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി പ്രതിഷേധക്കാര്‍ കളക്ടറുമായി ഫോണില്‍ ചര്‍ച്ച നടത്തി.

സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കത്തില്‍ ഒരു വിഭാഗം വൈദികര്‍ പ്രതിഷേധമായി പ്രാര്‍ത്ഥനാ യജ്ഞം നടത്തിയതില്‍ പൊലീസ് ഇടപെട്ടതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് സമരം നടത്തുകയായിരുന്ന വൈദികരെ രാത്രിയില്‍ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയിരുന്നു. വൈദികരെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. നടന്നത് പൊലീസ് അതിക്രമം എന്നാണ് വൈദികര്‍ ആരോപിക്കുന്നത്. രാത്രിയിലെ സംഭവത്തിന് പിന്നാലെയാണ് രാവിലെ വലിയ രീതിയിലുള്ള പ്രതിഷേധവുമായി വൈദികരും വിശ്വാസികളും രംഗത്തെത്തിയത്.

ഹൈന്ദവനായ പൊലീസ് ഉദ്യോഗസ്ഥന്‍ അരമനയില്‍ ക്രൂരമായി പെരുമാറിയെന്ന് വൈദികര്‍ പറഞ്ഞു. പൊലീസ് ക്രൈസ്തവ ആലയത്തില്‍ കയറി വൈദികരോട് ക്രൂരമായി പെരുമാറുകയും ഒരു വൈദികനെ വെര്‍ച്വല്‍ അറസ്റ്റു ചെയ്യുകയും ചെയ്തെന്നും ഒരു വൈദികന്‍ പറഞ്ഞു. സമരം ചെയ്യുന്ന വൈദികര്‍ക്ക് പിണറായി സര്‍ക്കാരാണ് എതിരെന്ന് പൊലീസ് പറഞ്ഞെന്നുമാണ് വൈദികരുടെ ആരോപണം. എന്നാല്‍, പൊലീസ് ആരോപണങ്ങളെ തള്ളുകയായിരുന്നു.

എറണാകുളം- അങ്കമാലി അതിരൂപത ആസ്ഥാനത്ത് സമരം ചെയ്ത വൈദികര്‍ക്കെതിരെ ഇന്ന് പുലര്‍ച്ചെയായിരുന്നു പൊലീസ് നടപടി. 21 വൈദികരാണ് സമരം ചെയ്തത്. അതിരൂപത ആസ്ഥാനത്ത് കയറി പൊലീസ് ഇവരെ ബലമായി നീക്കം ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഘര്‍ഷത്തിലേക്ക് കടന്നത്. ഇവരടക്കം എല്ലാവരോടും പുറത്ത് പോകാന്‍ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശിച്ചു. ബസിലിക്ക പള്ളിക്ക് മുന്‍പിലാണ് സംഭവമുണ്ടായത്. സമവായ ചര്‍ച്ചക്കെത്തിയ സെന്‍ട്രല്‍ എസിപി സി.ജയകുമാറുമായാണ് വൈദികര്‍ രൂക്ഷമായ വാക്കേറ്റമുണ്ടായത്. ഏകീകൃത കുര്‍ബാന വിഷയത്തില്‍ നാലു വൈദികര്‍ക്കെതിരെ നടപടി എടുത്തതിലായിരുന്നു വൈദികര്‍ നിരാഹാര സമരം ആരംഭിച്ചത്.

രാത്രി സമാധാനമായി കിടന്നുറങ്ങിയ വൈദികരെ വലിച്ചിഴച്ച് കൊണ്ടുവന്നുവെന്നാണ് വൈദികരുടെ ആരോപണം. ഉറങ്ങിയ വൈദികരെ കുത്തിയെഴുന്നേല്‍പ്പിച്ച് വസ്ത്രം പോലും മാറാന്‍ അനുവദിക്കാതെ കൊണ്ടുവന്നതായും, വസ്ത്രം മാറാന്‍ ശ്രമിച്ചവരുടെ വീഡിയോ എടുത്തതായുമാണ് വൈദികര്‍ ആരോപിക്കുന്നത്. പ്രായമായ വൈദികര്‍ക്ക് അടക്കം മര്‍ദ്ദനമേറ്റു. ബിഷപ്പ് ഹൌസിന്റെ ഗേറ്റ് അടക്കം തല്ലിപ്പൊളിച്ചാണ് വൈദികരെ ഗേറ്റിന് സമീപത്ത് എത്തിച്ചതെന്നാണ് വൈദികര്‍ പൊലീസിനെതിരെ ഉയര്‍ത്തുന്ന ആരോപണം. എന്തിനാണ് കൊണ്ട് പോകുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ പൊലീസുകാര്‍ തയ്യാറായില്ലെന്നും വൈദികര്‍ ആരോപിക്കുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിമതവിഭാഗത്തിന്റെ പ്രതിഷേധം തുടരുകയാണ്. ഇന്ന് രാവിലെ ബിഷപ്പ് ഹൗസില്‍ പ്രാര്‍ത്ഥന പ്രതിഷേധം നടത്തുന്ന വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാന്‍ പൊലീസ് ശ്രമിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കുര്‍ബാന തര്‍ക്കത്തില്‍ നാല് വൈദികര്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് 21 വൈദികര്‍ ബിഷപ്പ് ഹൗസിനുള്ള പ്രതിഷേധിച്ചത്. മൂന്ന് ദിവസമായി വൈദികര്‍ സത്യാഗ്രഹം നടത്തിവരികയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker