മംഗളൂരുവില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് മലയാളികള്‍; കേരളത്തെ പഴിചാരി കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ്യ
ബംഗളുരു: കര്‍ണാടകയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ കേരളത്തെ പഴിചാരി കര്‍ണാടക ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മയ്യ. മംഗളുരുവില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതു മലയാളികളാണെന്നാണു ബൊമ്മയ്യയുടെ ആരോപണം. മംഗളുരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം അക്രമാസക്തമാവാന്‍ കാരണം പുറത്തുനിന്നു വന്നവരാണ്. അതില്‍ കൂടുതലും കേരളത്തില്‍ നിന്നുള്ളവരാണ്.
അയല്‍ സംസ്ഥാനത്തുനിന്നുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. അവര്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്നും പോലീസ് സ്റ്റേഷനു തീവയ്ക്കാന്‍ ശ്രമിച്ചെന്നും ബൊമ്മയ്യ ആരോപിച്ചു. പൗരത്വ നിയമ ഭേദഗതി പ്രതിഷേധക്കാര്‍ക്കു നേരെ മംഗളുരുവില്‍ പോലീസ് നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധം കണക്കിലെടുത്തു രണ്ടു ദിവസത്തേക്ക് മംഗളുരൂവില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.