BusinessNationalNews

നിങ്ങൾ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിയ്ക്കുന്നവരാണോ? അടുത്ത മാസം മുതലുള്ള ഈ സാമ്പത്തിക പരിഷ്കാരങ്ങൾ അറിയുക

കൊച്ചി:പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍, ഇന്ത്യന്‍ റിസര്‍വ് ബാങ്ക് (RBI) എല്ലാ മെര്‍ച്ചന്റുമാരോടും (Merchants) പേയ്‌മെന്റ് ഗെയ്‌റ്റ്‌വേകളോടും (Payment Gateway) അവരുടെ കൈവശമുള്ള ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് ആയ വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

2022 ജനുവരി 1 മുതല്‍ നടപ്പാക്കുന്ന പുതിയ നിയമം പ്രകാരം പണമിടപാടുകള്‍ നടത്താന്‍ മെര്‍ച്ചന്റുമാര്‍ എന്‍ക്രിപ്റ്റ് ചെയ്ത ടോക്കണുകള്‍ ഉപയോഗിക്കണം. ആര്‍ബിഐ നിഷ്കര്‍ഷിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച്‌ ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

എന്താണ് റിസര്‍വ് ബാങ്കിന്റെ പുതിയ നിയമം?
2022 ജനുവരി 1 മുതല്‍ കാര്‍ഡ് മുഖേനയുള്ള പണമിടപാടുകളില്‍ മെര്‍ച്ചന്റുമാര്‍ക്ക് ഉപഭോക്താക്കളുടെ കാര്‍ഡിന്റെ വിവരങ്ങള്‍ സൂക്ഷിച്ചു വെയ്ക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തിറക്കിയ നോട്ടീസില്‍ ആര്‍ബിഐ വ്യക്തമാക്കി. മുമ്പ് സൂക്ഷിച്ചുവെച്ച കാര്‍ഡ് വിവരങ്ങള്‍ നീക്കം ചെയ്യണമെന്നും റിസര്‍വ് ബാങ്ക് മെര്‍ച്ചന്റുമാരോട് നിഷ്കര്‍ഷിക്കുന്നു. പണമിടപാടിന്റെ ട്രാക്കിങ്ങിനും മറ്റാവശ്യങ്ങള്‍ക്കും കാര്‍ഡിന്റെ നമ്പറിലെ അവസാന നാലക്കങ്ങളും കാര്‍ഡ് ഇഷ്യു ചെയ്ത ബാങ്കിന്റെ/സ്ഥാപനത്തിന്റെ പേരും ഉള്‍പ്പെടെ പരിമിതമായ വിവരങ്ങള്‍ സൂക്ഷിക്കാമെന്നും ആര്‍ബിഐ നിര്‍ദ്ദേശത്തില്‍ പറയുന്നു.

എന്താണ് ടോക്കണൈസേഷന്‍?
കാര്‍ഡിലെ ശരിയായ വിവരങ്ങള്‍ക്ക് പകരം ‘ടോക്കണ്‍’ എന്നറിയപ്പെടുന്ന ബദല്‍ കോഡ് ഉപയോഗിക്കുന്നതിനെയാണ് ടോക്കണൈസേഷന്‍ എന്ന് പറയുന്നത്. ടോക്കണ്‍ റിക്വസ്റ്റര്‍ നല്‍കുന്ന ആപ്പില്‍ഒരു അപേക്ഷ സമര്‍പ്പിക്കുന്നതിലൂടെ കാര്‍ഡ് ഉടമയ്ക്ക് കാര്‍ഡ് ടോക്കണൈസ് ചെയ്യാവുന്നതാണ്. ഉപഭോക്താവിന്റെ അപേക്ഷ ടോക്കണ്‍ റിക്വസ്റ്റര്‍ കാര്‍ഡ് ശൃംഖലയ്ക്ക് നല്‍കും. തുടര്‍ന്ന് കാര്‍ഡ് ഇഷ്യൂവറിന്റെ അനുമതിയോടെ ഉപഭോക്താവിന് ടോക്കണ്‍ അനുവദിക്കും.

2022 ജനുവരി 1 മുതല്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്?
ഒരു മെര്‍ച്ചന്റില്‍ നിന്ന് നിങ്ങള്‍ ഒരു സാധനം വാങ്ങുമ്പോൾ ആ മെര്‍ച്ചന്റ് ടോക്കണൈസേഷന്‍ ആരംഭിക്കും. കാര്‍ഡ് ടോക്കണൈസ് ചെയ്യാന്‍ നിങ്ങളുടെ സമ്മതം ലഭിച്ചാല്‍ കാര്‍ഡ് ശൃംഖലയ്ക്ക് മെര്‍ച്ചന്റ് ഒരു ടോക്കണൈസേഷന്‍ റിക്വസ്റ്റ് സമര്‍പ്പിക്കും. തുടര്‍ന്ന് കാര്‍ഡ് ശൃംഖല ഒരു ടോക്കണ്‍ സൃഷ്ടിക്കുകയും മെര്‍ച്ചന്റിന് അയയ്ക്കുകയും ചെയ്യും. നിങ്ങളുടെ പതിനാറക്ക കാര്‍ഡ് നമ്പറിന് പകരമായിരിക്കും ഈ ടോക്കണ്‍. ഭാവി പണമിടപാടുകള്‍ക്കായി മെര്‍ച്ചന്റ് ഈ ടോക്കണ്‍ സൂക്ഷിച്ചുവെയ്ക്കും. പണമിടപാട് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ സിവിവി നമ്പറും ഒടിപിയും നല്‍കേണ്ടി വരും. മറ്റൊരു കാര്‍ഡ് ഉപയോഗിക്കണമെങ്കില്‍ ഇതേ പ്രക്രിയ വീണ്ടും പിന്തുടരണം.

കാര്‍ഡ് ടോക്കണൈസേഷന്‍ സുരക്ഷിതമാണോ?
“ഓതറൈസ്‌ഡ്‌ കാര്‍ഡ് ശൃംഖലകള്‍ കാര്‍ഡിന്റെ ശരിയായ വിവരങ്ങളും ടോക്കണും പ്രസക്തമായ മറ്റു വിവരങ്ങളും സുരക്ഷിതമായി സൂക്ഷിച്ചു വെയ്ക്കുന്നു. കാര്‍ഡ് നമ്പറോ കാര്‍ഡിന്റെ മറ്റു വിവരങ്ങളോ ടോക്കണ്‍ റിക്വസ്റ്റര്‍ക്ക് സൂക്ഷിച്ചു വെയ്ക്കാന്‍ കഴിയില്ല”, റിസര്‍വ് ബാങ്ക് വെബ്‌സൈറ്റില്‍ പറയുന്നു. എന്‍ക്രിപ്റ്റ്‌ ചെയ്ത രൂപത്തില്‍ കാര്‍ഡിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്നത് സൈബര്‍ തട്ടിപ്പ് തടയാനും സഹായിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker