ന്യൂഡല്‍ഹി: ഒരേ ആസ്തിയുടെ വ്യാജ രേഖകള്‍ നിര്‍മിച്ച് വിവിധ തവണകളായി ഈടുനല്‍കി 20 കോടിയിലേറെ രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ അറസ്റ്റില്‍. അശ്വിനി അറോറ, വിജയ് അറോറ എന്നിവരും ഇവരുടെ ഭാര്യമാരെയുമാണ് ഡല്‍ഹി പൊലീസിന്റെ ഇക്കണോമിക് ഒഫന്‍സ് വിങ് അറസ്റ്റ് ചെയ്തത്. 2016-ലാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാല്‍ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു.
അഞ്ച് ബാങ്കുകളില്‍നിന്നായി 20 കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് രജിസ്ട്രാര്‍ ഓഫീസുകളില്‍ പ്രതികളുടെ പേരിലോ മറ്റുള്ളവരുടെ പേരിലോ വസ്തുവിന്റെ രജിസ്‌ട്രേഷന്‍ നടത്തും. ഈ രേഖകള്‍ പിന്നീട് ബാങ്കില്‍ സമര്‍പ്പിച്ച് വായ്പ എടുത്താണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്ത സ്ഥലത്തിന്റെ വ്യാജ രേഖ നിര്‍മിച്ചും ഇവര്‍ വായ്പ സംഘടിപ്പിച്ചിരുന്നു. 2016-ല്‍ പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിന്റെ സോണല്‍ മാനേജര്‍ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് കുടുംബത്തിന്റെ മറ്റു തട്ടിപ്പുകളും പുറത്തറിഞ്ഞത്.