ബാലക്കോട്ട് വ്യോമാക്രമണത്തിന് എടുത്തത് വെറും 90 സെക്കന്റ്! ഭാര്യപോലും അറിഞ്ഞില്ലെന്ന് പൈലറ്റിന്റെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ നടത്തിയ വ്യോമാക്രമണം 90 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയായെന്ന് വെളിപ്പെടുത്തല്‍. മിഷനില്‍ പങ്കെടുത്ത പൈലറ്റുമാരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് പോലും യാതൊരു സൂചനയും നല്‍കാതെ അതീവ രഹസ്യമായിട്ടാണ് ആക്രമണം നടത്തിയതെന്നും ദൗത്യത്തില്‍ പങ്കെടുത്ത രണ്ട് വ്യോമസേന പൈലറ്റുമാര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാലക്കോട്ട് മിഷനെ കുറിച്ച് ഇവര്‍ പ്രതികരിച്ചത്. ഭീകര ക്യാംപുകള്‍ തകര്‍ത്ത് മടങ്ങാന്‍ വേണ്ടിവന്നത് 90 സെക്കന്റുകള്‍ മാത്രമാണ്. എന്നാല്‍ ദൗത്യം പ്ലാന്‍ ചെയ്യാനും ലക്ഷ്യത്തിലെത്താനും രണ്ടര മണിക്കൂര്‍ വേണ്ടിവന്നുവെന്നും ഇവര്‍ വ്യക്തമാക്കി.
സാറ്റലൈറ്റിന്റെ സഹായത്തോടെയാണ് ബോംബുകള്‍ പ്രയോഗിച്ചത്. സാറ്റലൈറ്റ് ഗൈഡഡ് ബോംബുകളായ സ്പൈസ് 2000 മിറാഷ് പോര്‍വിമാനങ്ങളില്‍ നിന്നാണ് തൊടുത്തത്. ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് പോലും ദൗത്യത്തെ സംബന്ധിച്ച് ഒരു വിവരവും നല്‍കിയിരുന്നില്ല. ആക്രമണത്തില്‍ പങ്കെടുത്ത മിറാഷ് 2000 യുദ്ധവിമാനത്തിന്റെ പൈലറ്റ് പറഞ്ഞു.അടുത്ത ദിവസം വാര്‍ത്ത കണ്ട എന്റെ ഭാര്യ എന്നോട് ചോദിച്ചു, നിങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നോ എന്ന്. ഞാന്‍ ഒന്നും പറയാതെ പെട്ടെന്ന് ഉറങ്ങുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക് സൈന്യത്തിന്റെ ശ്രദ്ധതിരിക്കുന്നതിന്റെ ഭാഗമായി ആക്രമത്തിന് മുമ്പ് നിയന്ത്രണ രേഖയില്‍ ഏറെ നേരം നിരീക്ഷണ പറക്കല്‍ നടത്തിയിരുന്നതായും മറ്റൊരു പൈലറ്റ് വെളിപ്പെടുത്തി.
ദൗത്യത്തിനു മുന്‍പ് മാനസിക പിരിമുറുക്കം കുറക്കാന്‍ പോലും ഞങ്ങള്‍ സമയം കണ്ടെത്തി. അന്നത്തെ ദൗത്യത്തിന് ക്രിസ്റ്റല്‍ മേസ് ആയുധങ്ങളാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ ദിവസം കാര്‍മേഘങ്ങള്‍ വിലങ്ങുതടിയായി. ഇതോടെയാണ് സ്പൈസ് 2000 ബോംബുകള്‍ ഉപയോഗിക്കേണ്ടി വന്നത്. മിറാഷ് 2000 പോര്‍വിമാനങ്ങളില്‍ നിന്നാണ് സ്പൈസ് 2000 ബോംബുകള്‍ പ്രയോഗിക്കാന്‍ കഴിയുക. ആറു ബോംബുകളാണ് ലോഡ് ചെയ്തിരുന്നത്. ഇതില്‍ അഞ്ചു ബോംബുകളും പ്രയോഗിച്ചെന്നും പൈലറ്റ് വെളിപ്പെടുത്തി. ബോംബുകള്‍ വര്‍ഷിക്കാന്‍ വേണ്ടി വന്നത് 90 സെക്കന്‍ഡുകള്‍ മാത്രമാണ്. ഫെബ്രുവരി 14ന് പുല്‍വാമയില്‍ ജയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിനു പ്രതികാരമായാണ് ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചത്.