ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിയുമായി സഖ്യം അവസാനിപ്പിച്ച് എ ഐ എ ഡി എം കെ. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. സഖ്യം അവസാനിപ്പിച്ചതായി യോഗം ഏകകണ്ഠമായി പ്രമേയം പാസാക്കിയെന്ന് പാർട്ടി ഡെപ്യൂട്ടി കോർഡിനേറ്റർ കെപി മുനുസ്വാമി മാധ്യമങ്ങളെ അറിയിച്ചു.
പ്രവർത്തകരുടെ വികാരം മാനിച്ചാണ് തീരുമാനമെന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ പുതിയ മുന്നണി രൂപീകരിച്ച് മത്സരിക്കുമെന്നും മുനുസ്വാമി വ്യക്തമാക്കി. അതേസമയം സഖ്യം അവസാനിപ്പിച്ചെന്ന ഔദ്യോഗിക പ്രഖ്യാപനത്തെ പടക്കം പൊട്ടിച്ച് കൊണ്ടാണ് അണികൾ വരവേറ്റത്.
ബി ജെ പി നേതൃത്വത്തെ രൂക്ഷമായ ഭാഷയിൽ മുനുസ്വാമി വിമർശിച്ചു. ബിജെപിയുടെ സംസ്ഥാന നേതൃത്വം കഴിഞ്ഞ ഒരു വർഷമായി തങ്ങളുടെ മുൻ നേതാക്കളേയും ജനറൽ സെക്രട്ടറി ഇപിഎസിനെയും കുറിച്ച് അനാവശ്യമായ പരാമർശങ്ങൾ നടത്തുകയാണെന്നും മുനുസ്വാമി പറഞ്ഞു. മുൻ തമിഴ്നാട് മുഖ്യമന്ത്രി സിഎൻ അണ്ണാദുരൈയെ കുറിച്ച് തമിഴ്നാട് ബി ജെ പി അധ്യക്ഷൻ കെ അണ്ണാമലൈ നടത്തിയ വിവാദ പരാമർശങ്ങൾ സഖ്യത്തിനുള്ളിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു.
സനാതന ധർമ്മ വിവാദത്തിനിടയിലായിരുന്നു അണ്ണാമലയുടെ വിവാദ പരാമർശം. 1956ൽ മധുരയിൽ പൊതുസമ്മേളനത്തിൽ ഹിന്ദു വിശ്വാസത്തിനെതിരെ അണ്ണാദുരെ സംസാരിച്ചുവെന്നും സ്വാതന്ത്ര്യ സമര സേനാനി പശുപൊൻ മുത്തുമാരലിംഗ തേവർ അതിനെ എതിർത്തിരുന്നുവെന്നുമായിരുന്നു അണ്ണാമലൈ പറഞ്ഞത്.
ഇതിനെതിരെ എ ഐ എ ഡി എം കെ നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാൽ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കാൻ അണ്ണാമലൈ തയ്യാറായിരുന്നില്ല. അതേസമയം അണ്ണാദുരൈയെ കുറിച്ച് മാത്രമല്ല അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയെ കുറിച്ചും പാർട്ടിയുടെ പ്രധാന നേതാവ് സി ഷൺമുഖത്തിനെതിരേയുമെല്ലാം ബിജെപി അധ്യക്ഷൻ രംഗത്തെത്തിയിരുന്നു.
ഇതോടെ സഖ്യം തുടരണമെങ്കിൽ അണ്ണാമലൈയെ മാറ്റുകയോ അദ്ദേഹത്തിന്റെ രാജി നേതൃത്വം ആവശ്യപ്പെടുകയോ ചെയ്യണമെന്നായിരുന്നു എ ഐ എഡി എം കെ നേതൃത്വം ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം ബി ജെ പി ദേശീയ നേതൃത്വം അംഗീകരിച്ചിരുന്നില്ല. തമിഴ്നാട്ടിൽ ബി ജെ പിയുടെ വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ച നേതാവാണ് അണ്ണാദുരൈ എന്നിരിക്കെ അത്തരത്തിലൊരു നടപടിയും കൈക്കൊള്ളില്ലെന്നതായിരുന്നു നേതൃത്വത്തിന്റെ നിലപാട്. ഇതോടെയാണ് സഖ്യം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി നേതൃത്വം ഔദ്യോഗികമായി അറിയിച്ചത്.