കോഴിക്കോട്: സംസ്ഥാനത്തെ വീണ്ടും മുള്‍മുനയിലാക്കി പക്ഷിപ്പനി. ലോകത്ത് പടര്‍ന്ന് പിടിക്കുന്ന കൊറോണ കേരളത്തിലും സ്ഥിതീകരിച്ചെങ്കിലും വൈറസ് ബാധ ഇപ്പോള്‍ നിലവില്‍ കേരളത്തിലെ ആര്‍ക്കും ഇല്ല. എന്നാല്‍ ജനങ്ങളെ വീണ്ടും ആശങ്കയിലാഴിത്തിയിരിക്കുകയാണ് പക്ഷിപ്പനി. കോഴിക്കോട് രണ്ട് കോഴി ഫാമുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രതാ നിര്‍ദേശം നല്‍കി. വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരെണ്ണം കോഴിഫാമും ഒന്ന് നഴ്സറിയുമാണ്.
തുടര്‍ന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു. ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണ വിധേയമാണെന്നുമാണ് മൃഗസംരക്ഷണവകുപ്പിന്റെ വിലയിരുത്തല്‍. കൂടാതെ അതിജാഗ്രതാ നിര്‍ദേശവും സംസ്ഥാനത്ത് പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രണ്ട് ഫാമുകളിലെയും കോഴികള്‍ക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടെന്ന സംശയത്തില്‍ മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂര്‍ മേഖലാ ലബോറട്ടറിയിലെ പരിശോധന നടത്തി.പക്ഷിപ്പനി സംശയം ബലപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച സാമ്പിളുകള്‍ വിമാനമാര്‍ഗം ഭോപ്പാലിലെ ലബോറട്ടറിയില്‍ പരിശോധിച്ച് പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച രണ്ട് ഫാമുകളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ശനിയാഴ്ച വിദഗ്ധസംഘം പരിശോധന നടത്തും.