ബസ്-ഓട്ടോ തൊഴിലാളികള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം
തിരുവനന്തപുരം: ബസ് -ഓട്ടോ തൊഴിലാളികളുടെ പെന്‍ഷന്‍, ചികിത്സാ ധനസഹായം എന്നിവ വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ബസ് തൊഴിലാളികളുടെ കുറഞ്ഞ പെന്‍ഷന്‍ 1200 രൂപയില്‍ നിന്ന് 5000 ആയും ഓട്ടോ തൊഴിലാളികളുടേത് 1200ല്‍ നിന്ന് 2000 ആയും വര്‍ധിപ്പിച്ചു. ക്ഷേമനിധിയില്‍ അംഗത്വമെടുത്തിട്ടുള്ള 9,80,000 പേര്‍ക്കാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ തീരുമാനത്തെ തുടര്‍ന്ന് പ്രയോജനം ലഭ്യമാകുക. സംസ്ഥാന തൊഴില്‍ വകുപ്പിന്റേതാണ് ഉത്തരവ്. പെന്‍ഷന്‍ വാങ്ങുന്നയാള്‍ മരണപ്പെട്ടാല്‍ ഭാര്യ/ ഭര്‍ത്താവിന് 10 വര്‍ഷത്തേക്ക് പെന്‍ഷന്‍ തുകയുടെ 50 ശതമാനം നല്‍കാനും തീരുമാനമായി.
തൊഴിലാളികളുടെ മക്കള്‍ക്ക് എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ സ്‌കോളര്‍പ്പ് ഏര്‍പ്പെടുത്തി. 500 രൂപ മുതല്‍ 7500 രൂപ വരെയാണ് സ്‌കോളര്‍ഷിപ്പ് തുക. മരണാനന്തര സഹായവും ചികിത്സാ സഹായവും അമ്പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. വിവാഹ ധനസഹായം ഇരുപതിനായിരത്തില്‍ നിന്ന് നാല്പതിനായിരമാക്കിയിട്ടുണ്ട്.