NationalNewsPolitics

അരവിന്ദ് കേജ്‌രിവാളിന് വിരുന്നൊരുക്കിയ ഓട്ടോ ഡ്രൈവർ ബിജെപി റാലിയിൽ,ഗുജറാത്തില്‍ വന്‍ ട്വിസ്റ്റ്‌

അഹമ്മദാബാദ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അത്താഴമൊരുക്കിയ ഗുജറാത്തിലെ ഓട്ടോ ഡ്രൈവർ ബിജെപി റാലിയിൽ. കേജ്‌രിവാളിന്റെ ഗുജറാത്ത് സന്ദർശനത്തിനിടെ ഓട്ടോ ഡ്രൈവർ വിക്രം ദന്താനി അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയും അത്താഴമൊരുക്കുകയും ചെയ്തത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സെപ്റ്റംബർ 13ന് അഹമ്മദാബാദിൽ ഓട്ടോ ഡ്രൈവർമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കേജ്‌രിവാളിനെ, വിക്രം വീട്ടിലേക്ക് ക്ഷണിച്ചതും അദ്ദേഹം ക്ഷണം സ്വീകരിച്ചതും. വിക്രമിന്റെതന്നെ ഓട്ടോറിക്ഷയിലാണ് കേജ്‌രിവാൾ വീട്ടിലേക്കു പോയത്.

എന്നാൽ വെള്ളിയാഴ്ച, വിക്രം ദന്താനി ബിജെപി റാലിയിൽ പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നു. രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിലേക്കാണ് കാവി ഷാളും തൊപ്പിയും ധരിച്ച് വിക്രം എത്തിയത്. കേജ്‌രിവാളിനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും താൻ മോദിയുടെ കടുത്ത ആരാധകനാണെന്നും ബിജെപി അനുയായിയാണെന്നും വിക്രം മാധ്യമങ്ങളോടു പറഞ്ഞു.

‘‘യൂണിയൻ നേതാക്കൾ എന്നോട് ആവശ്യപ്പെട്ടതിനാലാണ് ഞാൻ കേജ്‌രിവാളിനെ അത്താഴത്തിന് ക്ഷണിച്ചത്. അദ്ദേഹത്തിന് എന്റെ വീട്ടിൽ ഭക്ഷണം നൽകാമെന്ന് വാഗ്ദാനം ചെയ്തപ്പോൾ, കേജ്‌രിവാൾ അത് സ്വീകരിച്ചു. അത് ഇത്രയും വലിയ പ്രശ്‌നമാകുമെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് ആം ആദ്മി പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. ആ സംഭവത്തിനു ശേഷം ഒരു എഎപി നേതാവുമായും ഞാൻ ബന്ധപ്പെട്ടിട്ടില്ല.’’– വിക്രം ദന്താനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മോദിയുടെ കടുത്ത ആരാധകനായതുകൊണ്ടാണ് താൻ റാലിയിൽ പങ്കെടുത്തതെന്നും വിക്രം പറഞ്ഞു. ആദ്യം മുതൽ ബിജെപിക്കൊപ്പമാണ്. മുൻകാലങ്ങളിൽ ബിജെപിക്ക് മാത്രമാണ് വോട്ടു ചെയ്തിട്ടുള്ളത്. ഒരു സമ്മർദത്തിനും വഴങ്ങിയല്ല താൻ ഇതു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker