വീട്ടമ്മയെ സൗഹൃദം നടിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
തൃശൂര്‍: വീട്ടമ്മയെ സൗഹൃദം നടിച്ച് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന ഓട്ടോഡ്രൈവറായ യുവാവ് പിടിയില്‍. എറണാകുളത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന വരന്തരപ്പിള്ളി വടക്കുംമുറി കോപ്പാടന്‍ പ്രബിനെ (30)യാണ് ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
വരന്തരപ്പിള്ളിയില്‍ ഓട്ടോ ഡ്രൈവറായിരുന്ന പ്രബിന്‍ മൂന്നുവര്‍ഷം മുമ്പാണ് വീട്ടമ്മയെ പരിചയപ്പെടുന്നത്. വീട്ടമ്മയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു. പ്രബിന്റെ ഓട്ടോ ഓട്ടം വിളിക്കുകയും തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലാവുകയുമായിരുന്നു. ഒരു വര്‍ഷം മുമ്പ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി തിരികെ വരുന്നവഴി വീട്ടുകാരെ പരിചയപ്പെടുത്താമെന്നു പറഞ്ഞ് യുവതിയെ പ്രബിന്‍ സ്വന്തം വീട്ടിലെത്തിക്കുകയും ഭീഷണിപ്പെടുത്തി നഗ്‌നയാക്കി ഫോട്ടോയും വീഡിയോയും പകര്‍ത്തുകയുമായിരുന്നു.
ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയെ പലവട്ടം ശാരീരികമായി പീഡിപ്പിച്ചുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് വിദേശത്തു നിന്നയയ്ക്കുന്ന പണം ഇയാള്‍ ബലമായി എടുക്കാന്‍ തുടങ്ങിയതോടെ യുവതി വരന്തരപ്പിള്ളി പോലീസില്‍ പരാതി നല്കുകയായിരുന്നു.