ന്യൂയോര്‍ക്ക്: എഴുത്തുകാരന് സല്മാന് റുഷ്ദിക്ക് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് പോസ്റ്റിട്ടതിന് പിന്നാലെ വിഖ്യാത എഴുത്തുകാരി ജെ.കെ റൗളിങ്ങിന് വധഭീഷണി. ആക്രമണത്തെ അപലപിച്ച് ട്വീറ്റ് ചെയതതിന് പിന്നാലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന്റെ സ്ക്രീന്‍ഷോട്ട് റൗളിങ് ട്വിറ്ററില്‍ പങ്കുവച്ചു. ലോകപ്രശസ്ത നോവല്‍ സീരീസായ ഹാരിപോട്ടറിന്റെ രചയിതാവാണ് ജെ.കെ റൗളിങ്. റൗളിങ് നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.
റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് കേട്ടപ്പോള്‍ അസ്വസ്ഥത തോന്നിയെന്നാണ് ജെ.കെ റൗളിങ് ട്വീറ്റ് ചെയ്തത്. റുഷ്ദി വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റൗളിങ് കുറിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഭീഷണി സന്ദേശം ലഭിച്ചത്. ‘വിഷമിക്കേണ്ട അടുത്തത് നിങ്ങളാണ്’ എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
ന്യൂയോര്‍ക്കില്‍ സാഹിത്യ പരിപാടിക്കിടെ റുഷ്ദിയെ ആക്രമിച്ച ഹാദി മാതറിനെ ഭീഷണി സന്ദേശം അയച്ചയാള്‍ പ്രശംസിക്കുകയും ചെയ്തു. ന്യൂയോര്‍ക്കിലെ ഷടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രഭാഷണത്തിനെത്തിയപ്പോഴായിരുന്നു റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റുഷ്ദി ഇപ്പോള്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ.