തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളിലടക്കം ചര്‍ച്ചയായ തിരുവനന്തപുരത്തെ ‘കപ്പിള്‍സ് കഫേ’യ്ക്ക് നേരേ കല്ലേറ്. കഴിഞ്ഞദിവസം രാത്രിയാണ് ബൈക്കുകളിലെത്തിയ നാലംഗസംഘം കപ്പിള്‍സ് കഫേ പ്രവര്‍ത്തിക്കുന്ന വീടിന് നേരേ സാമൂഹികവിരുദ്ധർ കല്ലെറിഞ്ഞത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.
പ്രാവച്ചമ്പലം സ്വദേശിയായ വിപിന്‍ മോഹനാണ് ‘കപ്പിള്‍സ് കഫേ’ എന്ന പേരില്‍ കഫ്റ്റീരിയ ആരംഭിച്ചത്. വിപിനും കുടുംബവും താമസിക്കുന്ന വീടിന്റെ മുകള്‍നിലയിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചത്. പഴയ ഇന്റര്‍നെറ്റ് കഫേകളുടെ മാതൃകയില്‍ കാബിനുകളാക്കിയാണ് കഫേ രൂപകല്‍പ്പന ചെയ്തിരുന്നത്. ഇതിന്റെ റീലുകള്‍ ഇന്‍സ്റ്റഗ്രാമിലടക്കം ശ്രദ്ധനേടിയിരുന്നു. അതേസമയം, സ്ഥാപനത്തിനെതിരേ സമീപവാസികളില്‍നിന്ന് പ്രതിഷേധവും ഉയര്‍ന്നു.
കമിതാക്കള്‍ക്ക് ഒന്നിച്ചിരിക്കാനൊരിടം എന്ന ആശയത്തിലാണ് സ്ഥാപനം തുടങ്ങിയതെന്നാണ് ഉടമ പറയുന്നത്. എന്നാല്‍, നാട്ടുകാര്‍ക്ക് ഇത് അംഗീകരിക്കാന്‍ പറ്റിയില്ലെന്നും ‘കപ്പിള്‍സ്’ വന്നുതുടങ്ങിയപ്പോള്‍ സദാചാരം പറഞ്ഞ് നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയെന്നും ഇദ്ദേഹം പറയുന്നു. അങ്ങനെ സ്ഥാപനം പൂട്ടേണ്ടിവന്നെന്നും വിപിന്‍ പറഞ്ഞു. ഇതിനിടെയാണ് സ്ഥാപനത്തിന് നേരേ കല്ലേറും ഉണ്ടായത്.
കല്ലേറില്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കല്ലേറ് നടന്നതിന്റെ സമീപത്തെ മുറിയിലാണ് വിപിനും ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയും കിടന്നുറങ്ങിയിരുന്നത്. സംഭവത്തില്‍ സ്ഥാപനമുടമ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് കൈമാറി. നരുവാംമൂട് പോലീസ് നാലുപേരെ പ്രതിചേര്‍ത്ത് അന്വേഷണം ആരംഭിച്ചു.