തൃശൂര്‍:എ.ടി.എമ്മുകളുടെ സെന്‍സറുകള്‍ പ്രവര്‍ത്തനരഹിതമാക്കി ബാങ്കുകളെ കബളിപ്പിച്ച് പണം തട്ടുന്ന നാലംഗ ഉത്തരേന്ത്യന്‍ സംഘം പിടിയില്‍.ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ ഗോവിന്ദ് നഗര്‍ മനോജ് കുമാര്‍ (55), സൗത്ത് കാണ്‍പൂര്‍ സോലാപര്‍ഹ് സൗത്ത് അജയ് ഷങ്കര്‍ (33), കാണ്‍പൂര്‍ പാങ്കി പതര്‍സ സ്വദേശി പങ്കജ് പാണ്ഡേ (25), കാണ്‍പൂര്‍ ധബോളി സ്വദേശി പവന്‍ സിംഗ് (29) എന്നിവരെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും നൂറിലധികം എ.ടി.എം കാര്‍ഡും 35,000 രൂപയും പിടിച്ചെടുത്തു.
കഴിഞ്ഞ 9, 12 തിയതികളിലായി തൃശൂര്‍ അശ്വിനി ആശുപത്രിക്ക് സമീപമുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ 1,50,000 രൂപയുടെ ഇടപാടില്‍ ദുരൂഹതയുള്ളതായി സംശയിച്ച് എസ്.ബി.ഐ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലെ എ.ടി.എം ചാനല്‍ മാനേജര്‍ ഷിനോജ് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. വിവിധ ബാങ്കുകളുടെ അക്കൗണ്ടും എ.ടി.എം കാര്‍ഡും സംഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തുക.
അക്കൗണ്ടുകളില്‍ ചെറിയ തുകകള്‍ നിക്ഷേപിച്ച് എ.ടി.എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാനാകും. എ.ടി.എമ്മുകള്‍ പണം പുറന്തള്ളുന്ന സമയം സെന്‍സറുകളില്‍ എന്തെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ തിരുകിക്കയറ്റി പ്രവര്‍ത്തനരഹിതമാക്കും. പണം തട്ടിപ്പുകാര്‍ക്ക് ലഭിക്കുമെങ്കിലും, പണം പിന്‍വലിക്കപ്പെട്ടതായി കമ്ബ്യൂട്ടറില്‍ രേഖപ്പെടുത്തില്ല.
എ.ടി.എമ്മില്‍ സാങ്കേതിക തകരാര്‍ മൂലം പണം നല്‍കാന്‍ സാധിച്ചില്ല എന്നും കാണിക്കും. എ.ടി.എമ്മിലൂടെ പണം ലഭിച്ചില്ലെന്ന് കാട്ടി തട്ടിപ്പുകാര്‍ ബാങ്കില്‍ പരാതി നല്‍കും. ബാങ്ക് നിയമപ്രകാരം ഇത്തരത്തില്‍ പരാതി ലഭിച്ച് മൂന്ന് ദിവസത്തിനകം ഇടപാടുകാരന് പണം മടക്കി നല്‍കണം. അതോടെ ബാങ്ക് പണം നല്‍കാന്‍ ബാദ്ധ്യസ്ഥരാകും. തട്ടിപ്പ് നിരവധി തവണ ആവര്‍ത്തിക്കും.
മറ്റ് അക്കൗണ്ടുകള്‍ വഴിയും ഇതുപോലെ ശ്രമിക്കും. അങ്ങനെ ലക്ഷങ്ങള്‍ പ്രതികള്‍ക്ക് ലഭിച്ചു. ബാങ്ക് അധികൃതര്‍ നല്‍കിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് എ.ടി.എമ്മുകളിലെ സി.സി.ടി.വി കാമറകളില്‍ നിന്നും പ്രതികളുടെ ദൃശ്യങ്ങള്‍ ഈസ്റ്റ് പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള കാമറ ദൃശ്യങ്ങള്‍ പരിശോധിക്കുകയും, പൊലീസുദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികളെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ വെച്ച് പിടികൂടിയത്.
പ്രതികളെ പിടികൂടിയതറിഞ്ഞ് ബാങ്ക് അധികൃതരും എ.ടി.എം കമ്ബനികളും ഈസ്റ്റ് സ്‌റ്റേഷനില്‍ അന്വേഷണം നടത്തി. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നും പ്രതികള്‍ ഇത്തരത്തില്‍ തട്ടിപ്പുനടത്തിയിട്ടുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയ കാര്‍ഡുകളുടെ യഥാര്‍ത്ഥ അക്കൗണ്ട് ഉടമകളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ പ്രമോദ്, സീനിയര്‍ സി.പി.ഒ ഷെല്ലാര്‍, സി.പി.ഒ വിജയരാജ്, ട്രാഫിക് പൊലീസ് സ്‌റ്റേഷന്‍ സി.പി.ഒ ഷാജഹാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.