Newspravasi

ഷഹീന്‍ ചുഴലിക്കാറ്റ്:11 മരണം, കാറുകൾ ഒലിച്ചുപോയി, വീടുകള്‍ തകര്‍ന്നു, ഒമാനില്‍ വ്യാപക നഷ്ടം

മസ്കറ്റ്:ഷഹീൻ ചുഴലിക്കാറ്റിനെത്തുടർന്നുള്ള കനത്ത കാറ്റിലും മഴയിലും ഒമാനിൽ മരണം 11 ആയി ഉയർന്നു. തിങ്കളാഴ്ച മാത്രമായി ഏഴുപേരാണ് മഴക്കെടുതിയിൽ മരിച്ചത്. ഞായറാഴ്ച ഒരു കുട്ടി ഉൾപ്പെടെ നാല് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതായി ദേശീയ അടിയന്തരസമിതി അറിയിച്ചു.

വിവിധയിടങ്ങളിൽ വൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. മഴ വരുംദിവസങ്ങളിൽ തുടരുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച രാവിലെയോടെ ചുഴലിക്കാറ്റ് ദുർബലമായതായി നാഷണൽ സെന്റർ ഓഫ് മെട്രോളജി (എൻ.സി.എം) അറിയിച്ചു.

മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെ വേഗത്തിലായിരുന്നു ഷഹീൻ തീരത്തെത്തിയത്. ഒട്ടേറെപ്പേരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. വാഹനത്തിൽ കുടുങ്ങിക്കിടന്നവരെ സുരക്ഷാവിഭാഗം ഇടപെട്ട് രക്ഷപ്പെടുത്തി. അടച്ചിട്ടിരുന്ന പല റോഡുകളും ഇതുവരെ തുറന്നിട്ടില്ല. കാലാവസ്ഥ മെച്ചമാകുന്നതുവരെ യാത്രകൾ ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

ദുരിതമേഖലകളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മുസന്ന, സുവൈക്ക്, ഖാബുറ, സഹം എന്നീ പട്ടണങ്ങളിൽ താമസിക്കുന്നവരുടെ വസ്തുവകകൾ പൂർണമായും വെള്ളപ്പൊക്കത്തിൽ നശിച്ചു. വീടുകൾ തകർന്നു, വാഹനങ്ങൾ വെള്ളത്തിനടിയിലായി. ചിലത് ഒലിച്ചുപോയി. 143 ഇടങ്ങളിൽ സർക്കാർ താത്കാലിക ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയിരുന്നു. 53 കേന്ദ്രങ്ങളിലായി 3019 പേർ അഭയകേന്ദ്രങ്ങളിലുണ്ട്. താത്കാലികമായി നിർത്തിവെച്ചിരുന്ന വിമാനസർവീസുകൾ ഉടൻ പുനരാരംഭിച്ചേക്കുമെന്ന് അധികൃതർ അറിയിച്ചു. 500 സെന്റിമീറ്റർ വരെ മഴ ഷഹീനിന്റെ ഭാഗമായി ലഭിച്ചെന്നാണ് ഒമാൻ കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ഇതാണ് മിന്നൽ പ്രളയത്തിന് കാരണമായത്.

യു.എ.ഇ.യിൽ ഷഹീൻ ഭീഷണിയൊഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചില ഭാഗങ്ങളിൽ മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടതൊഴിച്ചാൽ ചുഴലിക്കാറ്റിന്റെ ആഘാതം രാജ്യത്ത് കുറവായിരുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ യു.എ.ഇ. ഫെഡറൽ പ്രാദേശിക അധികാരികൾ അതീവ ജാഗ്രതയിലായിരുന്നു. ഹത്ത പാർക്കുകൾ, വിനോദസൗകര്യങ്ങൾ എന്നിവ അടച്ചിടുകയും അൽ ഐനിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം തുടരാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ബീച്ചുകൾ, താഴ്വരകൾ എന്നിവിടങ്ങളിലേക്ക് പോകുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു.

ഭീഷണി അവസാനിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിലാകുകയും മറ്റ് മേഖലകൾ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു. അടിയന്തര സംവിധാനങ്ങളൊരുക്കാൻ 20 ഫെഡറൽ, 82 പ്രാദേശിക അധികാരികൾ ഒന്നിച്ചുചേർന്നെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പരമാവധി ആളുകളിലേക്ക് എത്തിക്കാനായി 19 ഭാഷകളിൽ ബോധവത്കരണ സന്ദേശങ്ങളും പ്രക്ഷേപണം ചെയ്തിരുന്നു.

പ്രത്യേക അഭയകേന്ദ്രങ്ങൾ ഒരുക്കാൻ അധികാരികൾ നിർദേശവും നൽകിയിരുന്നു. ഇതിനായി ഹോട്ടൽ മുറികൾ ഉൾപ്പെടെ സജ്ജമായിരുന്നുവെന്ന് ഷാർജ ഭവനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അഹമ്മദ് റാഷിദ് അൽ നഖ്ബി പറഞ്ഞു.കൽബയിൽ കടൽവെള്ളം കരയിലേക്ക് കുതിക്കാതിരിക്കാൻ അധികൃതർ സംവിധാനമൊരുക്കിയിരുന്നു.

ഖോർഫക്കാൻ, കൽബ, ദിബ്ബ അൽ ഹിസൻ എന്നിവിടങ്ങളിൽ ഒന്നിലേറെ പട്രോളിങ് യൂണിറ്റുകളാണ് രൂപവത്കരിച്ചിരുന്നതെന്ന് ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സൈഫ് അൽ സരി അൽ ഷംസി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker