‘രാത്രി പെയ്ത മഴയില്‍ വീട് വല്ലാണ്ട് ചോര്‍ന്നു, അതു മുഴുവന്‍ കോരിക്കളയലായിരുന്നു രാത്രിയിലെ പണി’ വൈറല്‍ കുറിപ്പ്
കൊച്ചി: മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ വീടിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം നടത്തിയ പശ്ചാത്തലത്തില്‍ പഴയ ഒരനുഭവം പങ്കുവെച്ച് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. സുനില്‍ കുമാര്‍ തന്നെ സ്വന്തം വീടനിനെക്കുറിച്ചു പറഞ്ഞ വാക്കുകളാണ് അശോകന്‍ വിവരിക്കുന്നത്.
അശോകന്‍ ചരുവിലിന്റെ കുറിപ്പ്:
കൃഷി വകുപ്പുമന്ത്രി സുനില്‍കുമാറിന്റെ അന്തിക്കാട്ടുള്ള വീടിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സമരം നടത്തിയ വാര്‍ത്ത ഇന്ന് മാതൃഭൂമി പത്രത്തില്‍ വായിച്ചു. വാര്‍ത്തക്കൊപ്പം ചിത്രവുമുണ്ട്. ഞാന്‍ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി. ആ വീട് കാണാനുണ്ടോ? ഇല്ല. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരമാവധി ക്ലോസപ്പ് കൊടുക്കാനുള്ള ശ്രമത്തില്‍ വീട് ഫ്രെയിമിനു പുറത്തായി.
സുനിലുമായി നീണ്ട കാലത്തെ സ്നേഹബന്ധം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ വീട്ടില്‍ പോകാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. പക്ഷേ സുനില്‍ തന്നെ പറഞ്ഞ ഒരു സംഗതിയില്‍ നിന്നും ആ വീടിന്റെ ചിത്രം എന്റെ മനസ്സില്‍ നിറം പിടിച്ചു നില്‍ക്കുന്നുണ്ട്.
അഞ്ചോ ആറോ വര്‍ഷം മുമ്പാണ്. അന്ന് അദ്ദേഹം മന്ത്രിയല്ല; എം.എല്‍.എ. ആണ്. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ കാലത്തു നടക്കുന്ന ഒരു പരിപാടിയില്‍ എം.എല്‍.എ. എത്താന്‍ കുറച്ചു വൈകി. എന്റെ അടുത്തുള്ള കസേരയില്‍ വന്നിരുന്ന് അദ്ദേഹം പറഞ്ഞു ‘ഇന്നലെ രാത്രി പെയ്ത മഴയില്‍ വീട് വല്ലാണ്ട് ചോര്‍ന്നു. അകത്തു മുഴുവന്‍ വെള്ളം. അതു മുഴുവന്‍ കോരിക്കളയലായിരുന്നു രാത്രിയിലെ പണി. നേരം വെളുത്തതിനു ശേഷം പുരപ്പുറത്ത് കയറി ചോര്‍ച്ച ഒരു വിധം അടച്ചു.’
സാധാരണ മനുഷ്യര്‍ക്ക് വേനല്‍മഴയുടെ താളംകേട്ട് സുഖമായി ഉറങ്ങുവാന്‍ വേണ്ടി കാലുവെന്തു നടക്കുന്ന ഒരാള്‍ സ്വന്തം വീടിനെ പരിഗണിച്ചില്ല എന്നു വേണമെങ്കില്‍ നമുക്കു കുറ്റപ്പെടുത്താം. ഇപ്പോള്‍ ആ വീട് ചോര്‍ച്ചയില്ലാത്ത വിധം ഭേദപ്പെടുത്തിയിട്ടുണ്ടാവും എന്നു കരുതട്ടെ.
പത്രം തുടര്‍ന്നു നോക്കിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ അന്തിക്കാട്ടെ സമരം ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് മനസ്സിലായി. തൃശൂര്‍ ജില്ലയില്‍ തന്നെ കയ്പമംഗലത്തും മുരിയാടും അവര്‍ സമരം ചെയ്യുന്നതിന്റെ വാര്‍ത്തയുണ്ട്.
കോണ്‍ഗ്രസ് സുഹൃത്തുക്കളുടെ മനസ്സില്‍ ഇപ്പോള്‍ ഉള്ളത് കോവിഡ് 19 പ്രതിരോധമല്ല; പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയും അങ്കലാപ്പുമാണ്.