CrimeNationalNews

ആര്യന്‍ ഖാനൊപ്പം ഉറ്റസുഹൃത്തും അഴിക്കുള്ളിലേക്ക്; എന്‍.സി.ബി.യുടെ വലയില്‍ കുരുങ്ങിയത് ഇവര്‍

മുംബൈ:ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ആര്യൻ ഖാനൊപ്പം ഉറ്റസുഹൃത്തും അറസ്റ്റിൽ. ആര്യൻ ഖാന്റെ അടുത്ത സുഹൃത്തായ അർബാസ് മർച്ചന്റ്, നടിയും മോഡലുമായ മുൻമുൻ ധമേച്ച എന്നിവരുടെ അറസ്റ്റാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർക്ക് പുറമേ നുപുർ സരിഗ, ഇസ്മീത്ത് സിങ്, മൊഹക് ജസ്വാൽ, വിക്രാന്ത് ഛോക്കർ, ഗോമിത് ചോപ്ര എന്നിവരെ കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തിരുന്നു. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയോ എന്നകാര്യത്തിൽ സ്ഥിരീകരണമില്ല.

ശനിയാഴ്ച രാത്രിയാണ് കോർഡേലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിൽ റെയ്ഡ് നടത്തി ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ എൻ.സി.ബി. സംഘം കസ്റ്റഡിയിലെടുത്തത്. കപ്പലിൽ ലഹരി പാർട്ടി നടക്കുന്നതിനിടെ യാത്രക്കാരെന്ന വ്യാജേന കപ്പലിൽ കയറിയ എൻ.സി.ബി. ഉദ്യോഗസ്ഥർ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. ഇവരിൽനിന്ന് എം.ഡി.എം.എ, കൊക്കെയ്ൻ, ഹാഷിഷ് ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് ഇവരെ മുംബൈയിലെ എൻ.സി.ബി. ഓഫീസിലെത്തിച്ച് ചോദ്യംചെയ്യുകയായിരുന്നു. ഏകദേശം 17 മണിക്കൂറോളമാണ് ചോദ്യംചെയ്യൽ തുടർന്നത്. പിന്നാലെ മുംബൈയിലെ മറ്റുചില കേന്ദ്രങ്ങളിലും എൻ.സി.ബി. സംഘം റെയ്ഡ് നടത്തി.

കപ്പലിലെ പാർട്ടിക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയവരെ കണ്ടെത്താനായിരുന്നു റെയ്ഡ്. ഇതിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും സൂചനകളുണ്ട്. ലഹരിപ്പാർട്ടി നടത്തിയ ആഡംബരക്കപ്പലായ കോർഡെലിയ ക്രൂയിസിൽ വമ്പൻ പരിപാടികൾക്കാണ് പദ്ധതിയിട്ടിരുന്നത്. മൂന്ന് ദിവസം നീളുന്ന സംഗീത പരിപാടിയുടെ ഭാഗമായാണ് കപ്പലിൽ പാർട്ടി നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ രണ്ട് മുതൽ നാല് വരെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലിൽ പാർട്ടി നടത്താൻ നിശ്ചയിച്ചിരുന്നത്. പരിപാടിയുടെ വിശദാംശങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു.

‘ക്രേ ആർക്ക്’ എന്ന പേരിൽ ഫാഷൻ ടിവി ഇന്ത്യയാണ് കപ്പലിലെ പരിപാടി സംഘടിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈയിൽ നിന്നും യാത്രതിരിച്ച കപ്പൽ കടലിൽ ചെലവഴിച്ച ശേഷം ഓക്ടോബർ 4-ന് രാവിലെ 10 മണിയോടെ തിരിച്ചെത്താനാണ് നിശ്ചയിച്ചിരുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സഹകരണത്തിലാണ് ഫാഷൻ ടിവി പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ നൂറോളം ടിക്കറ്റുകളാണ് വിറ്റ് പോയത്.

മിയാമി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജെ സ്റ്റാൻ കോലെവ്, പ്രമുഖ ഡിജെമാരായ ബുൾസീ, ബ്രൗൺകോട്ട്, ദീപേശ് ശർമ എന്നിവരുടെ സംഗീത പരിപാടിയാണ് ആദ്യദിവസം നിശ്ചയിച്ചിരുന്നത്. രണ്ടാം ദിവസം ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി എട്ട് വരെ അഥിതികൾക്കായി എഫ് ടിവിയുടെ പൂൾ പാർട്ടിയും വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യൻ ഡിജെ കോഹ്റ, മൊറോക്കൻ ഡിജെ കൈസ, ഐവറി കോസ്റ്റിൽ നിന്നുള്ള ഡിജെ റൗൾ എന്നിവരുടെ സംഗീത പരിപാടിയും ഇതിനൊപ്പം പദ്ധതിയിട്ടിരുന്നു. എട്ട് മണി മുതൽ പ്രത്യേക അതിഥികൾക്കായി ഓൾ ബ്ലാക്ക് പാർട്ടിയും നിശ്ചയിച്ചിരുന്നു. അതിനിടെ, ചില യാത്രക്കാരുടെ ലഗേജുകളിൽനിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് കോർഡെലിയ ക്രൂയിസ് സി.ഇ.ഒ. അറിയിച്ചു. ഇവരെ ഉടൻതന്നെ കപ്പലിൽനിന്ന് പുറത്താക്കിയെന്നും ഇതുകാരണം കപ്പലിന്റെ സഞ്ചാരം അല്പം വൈകിയെന്നും സി.ഇ.ഒ. പറഞ്ഞു.

കപ്പലിലെ ലഹരിപാർട്ടിയെ സംബന്ധിച്ച് 15 ദിവസം മുമ്പ് തന്നെ എൻ.സി.ബിക്ക് രഹസ്യവിവരം ലഭിച്ചിരുന്നതായാണ് റിപ്പോർട്ട്. കപ്പലിൽ പാർട്ടി നടക്കുമെന്നും നിരോധിത ലഹരിമരുന്നുകൾ ഉപയോഗിച്ചേക്കുമെന്നും സൂചനകളുണ്ടായിരുന്നു. തുടർന്നാണ് എൻ.സി.ബി. സംഘം യാത്രക്കാരെന്ന വ്യാജേന കപ്പലിൽ കയറിയത്.

അതിനിടെ. മകന്റെ അറസ്റ്റ് സ്ഥിരീകരിച്ചതിന് പിന്നാലെ ഷാരൂഖ് ഖാനും ഗൗരി ഖാനും അഭിഭാഷകനുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ആര്യൻ അറസ്റ്റിലായെന്ന വിവരം സ്ഥിരീകരിച്ചതോടെ ഗൗരി ഖാൻ സ്വവസതിയിൽനിന്ന് കോടതിയിലേക്ക് പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഷാരൂഖ് ഖാന്റെ ഭാര്യയെ എൻ.സി.ബി. സംഘം ചോദ്യംചെയ്യാൻ വിളിപ്പിച്ചതായും സൂചനകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker