ചികിത്സിക്കാന്‍ പണമില്ല; രോഗിയായ മകനെ പിതാവ് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി
ബംഗളൂരു: ചികിത്സിക്കാന്‍ പണമില്ലെന്ന കാരണത്താല്‍ രോഗിയായ മകനെ പിതാവ് ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി. കര്‍ണാടകത്തിലെ ദേവനഗരയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ദിവസ വേതനത്തിന് ജോലിചെയ്യുന്ന തൊഴിലാളിയാണ് അപസ്മാര രോഗിയായ മകനെ ചികിത്സിക്കാന്‍ പണമില്ലെന്ന കാരണത്താല്‍ 50,000 രൂപയ്ക്ക് സുഹൃത്തിന് ക്വട്ടേഷന്‍ നല്‍കി മകനെ കൊല്ലിപ്പിച്ചത്.
സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് ജയപ്പയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. അപസ്മാര രോഗിയായ മകന്‍ ബാസവരാജുവിനെ (5) ചികിത്സിക്കാന്‍ ജയപ്പയ്ക്ക് മൂന്ന് വര്‍ഷത്തിനിടെ നാലു ലക്ഷത്തോളം രൂപ ചെലവായി. പക്ഷേ ആരോഗ്യ നിലയില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ലെന്ന് ജയപ്പ പോലീസിനോട് പറഞ്ഞു.
ചികിത്സയ്ക്കായി കൂടുതല്‍പണം കണ്ടെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ബാസവരാജുവിനെ കൂടാതെ ജയപ്പയ്ക്ക് മറ്റ് നാലുമക്കള്‍ കൂടിയുണ്ട്. ഭാര്യയോടും മക്കളോടും ഒപ്പം ദേവനഗരെ എന്ന സ്ഥലത്താണ് ഇയാള്‍ താമസിക്കുന്നത്. പണത്തിന് ബുദ്ധിമുട്ടേറിയപ്പോള്‍ മകനെ കൊലപ്പെടുത്താന്‍ പിതാവ് തീരുമാനിക്കുകയായിരിന്നു. ഇതിനായി സുഹൃത്ത് മഹേഷിനെ സമീപിക്കുകയായിരിന്നു.
വേദനയില്ലാതെ മകനെ കൊല്ലാമെന്നും ഇതിനായി ഒരു ഇഞ്ചെക്ഷന്‍ വേണമെന്നും 25,000 രൂപയാണ് വിലയെന്നും മഹേഷ് പറഞ്ഞു. കൂടാതെ 25,000 രൂപ തനിക്ക് പ്രതിഫലമായി നല്‍കണമെന്നും മഹേഷ് ആവശ്യപ്പെട്ടു. ജയപ്പ സമ്മതിച്ചു. എന്നാല്‍ കുട്ടിയെ കൊല്ലാനുള്ള ഇഞ്ചെക്ഷന്‍ കണ്ടെത്താന്‍ മഹേഷിനായില്ല. ഇതോടെ എങ്ങനെ എങ്കിലും മകനെ കൊന്നാല്‍ മതി 25000 രൂപ തരാമെന്ന് ജയപ്പ മഹേഷിനോട് പറഞ്ഞു. ഇതനുസരിച്ച് ബാസവരാജുവിനെ തന്റെ കൂടെ നിര്‍ത്തി ഭാര്യയെയും മറ്റു മക്കളെയും ജയപ്പ ബന്ധുവീട്ടിലേക്ക് പറഞ്ഞുവിട്ടു. രാത്രിയില്‍ മഹേഷ് ജയപ്പയുടെ വീട്ടിലെത്തി കുട്ടിയെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരിന്നു.