അരൂരിലെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട്; ആരോപണവുമായി യു.ഡി.എഫ്
ആലപ്പുഴ: അരൂരിലെ വോട്ടര്‍ പട്ടികയില്‍ 12,000 ത്തോളം ഇരട്ടവോട്ടര്‍മാരുണ്ടെന്ന ആരോപണവുമായി യുഡിഎഫ്. വോട്ടെടുപ്പില്‍ ക്രമക്കേട് ലക്ഷ്യംവെച്ച് ഇടതുമുന്നണി മുന്‍കുട്ടി പ്രവര്‍ത്തിച്ചുവെന്ന് ആക്ഷേപിച്ചാണ് യുഡിഎഫ് വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് ചൂണ്ടിക്കാണിക്കുന്നത്. 183 ബൂത്തുകളുള്ള മണ്ഡലത്തില്‍ മിക്കയിടത്തും ഇങ്ങനെ സംഭവിച്ചിട്ടുള്ളത് ആയി കാണുന്നു.
24 ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരില്‍ എണ്ണൂറ്റി നാലാമത്തെ വോട്ടര്‍ ചിപ്പി ജോസഫ് ആണ്. അതേ പട്ടികയില്‍ 1228 ാമത്തെ വോട്ടറായി വീണ്ടും അതേ ആള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരുപത്തിയാറാം ബൂത്തില്‍ 135 ാമത്തെ വോട്ടറും 136 ാമത്തെ വോട്ടറും ഒരാള്‍ തന്നെ. ഫോട്ടോകള്‍ ഒരാളുടെ തന്നെ ആണെങ്കിലും വ്യത്യസ്ത കാലയളവില്‍ എടുത്തിട്ടുള്ളതാണ്.
ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഫലപ്രദമായി അന്വേഷിക്കണമെന്നും നീതിപൂര്‍വകമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. 1.9 ലക്ഷം വോട്ടര്‍മാരില്‍ 12,000 പേരുകള്‍ ആവര്‍ത്തിക്കപ്പെട്ടതായാണ് യുഡിഎഫ് വിമര്‍ശനം.