കൊച്ചി: നെട്ടൂര്‍ അര്‍ജുന്‍ കൊലപാതകത്തിന് ശേഷം പ്രതികള്‍ ‘ദൃശ്യം’ മോഡലില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പോലീസ്. കൊലയ്ക്ക് ശേഷം അര്‍ജുന്റെ ഫോണ്‍ അന്യസംസ്ഥാന ലോറിയിലാണ് ഉപേക്ഷിച്ച് അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതികള്‍ ശ്രമിച്ചു. ഈ ഫോണിന്റെ സിഗ്‌നലുകള്‍ പിന്തുടര്‍ന്ന പോലീസ് അര്‍ജുന്‍ ജീവിച്ചിരിക്കുന്നതായി തെറ്റിദ്ധരിച്ചതാണ് അന്വേഷണം വൈകാന്‍ കാരണമെന്നും പറയപ്പെടുന്നു.
സംഭവത്തില്‍ പ്രതികളെ കണ്ടെത്തി പോലീസില്‍ ഏല്‍പ്പിച്ചത് അര്‍ജുന്റെ സുഹൃത്തുക്കളാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംശയം തോന്നിയവരെ ചോദ്യം ചെയ്ത അര്‍ജുന്റെ സുഹൃത്തുക്കള്‍ പോലീസിന് മൊഴി നല്‍കാന്‍ പ്രതികളെ നിര്‍ബന്ധിച്ചുവെന്നും സ്റ്റേഷനില്‍ എത്തിച്ച ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. അര്‍ജുന്റെ തിരോധാനത്തില്‍ സുഹൃത്തുക്കളായ നിപിന്‍, റോണി എന്നിവരെ സംശയമുണ്ടെന്ന് കാണിച്ച് ജൂലൈ മൂന്നിന് പോലീസില്‍ പരാതി നല്‍കിയെങ്കിലും വേണ്ടവിധം ഗൗനിച്ചില്ലെന്ന് അര്‍ജുന്റെ പിതാവ് പറയുന്നു.
അതേസമയം അര്‍ജുന്റെ ബന്ധുക്കളുടെ ആരോപണങ്ങള്‍ പോലീസ് തള്ളി. അര്‍ജുനെ കാണാനില്ലെന്ന പരാതിയില്‍ വേഗം തന്നെ നടപടി എടുത്തുവെന്ന് പോലീസ് അറിയിച്ചു. പരാതി കിട്ടിയ അന്നു തന്നെ എഫ്ഐആര്‍ എഴുതി. കൂടാതെ ബന്ധുക്കള്‍ പ്രതികളെ പിടികൂടി പോലീസില്‍ ഏള്‍പ്പിച്ചെന്ന വാദം തെറ്റാണെന്നും പോലീസാണ് പ്രതികളെ വിളിച്ചു വരുത്തിയതെന്നും പോലീസ് അറിയിച്ചു.