അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് നേരെ ആക്രമണം
ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് നേരെ ആക്രമണമെന്ന് പരാതി. വസതിയിലെ സിസിടിവി കാമറകളുള്‍പ്പെടെയുള്ള വസ്തുക്കള്‍ അക്രമികള്‍ നശിപ്പിച്ചു. സിസിടിവികള്‍ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പാര്‍ട്ടി പുറത്തുവിട്ടു.
അതേസമയം ആരോപണങ്ങള്‍ ഡല്‍ഹി പൊലീസ് നിഷേധിച്ചു. ഇതു സംബന്ധിച്ച് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കെജ്രിവാളിന്റെ വസതിക്ക് മുന്നില്‍ റോഡിന് അഭിമുഖമായി സിസിടിവി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഇത് എതിര്‍ത്തിരുന്നു.. ഇത് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.
നേരത്തെ ആം ആദ്മി പാര്‍ട്ടി നേതാക്കളായ രാഘവ് ഛദ്ദ, അതിഷി എന്നിവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്ക് മുന്‍പില്‍ സമരം നടത്തിയിരുന്നു. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യാഴാഴ്ച ആക്രമിക്കപ്പെട്ടിരുന്നു.