ഈ വിജയം എന്നെ മകനായി കണ്ട് വോട്ട് ചെയ്ത കുടുംബത്തിന്റേയും രാജ്യത്തിന്റേയും വിജയമെന്ന് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തങ്ങളെ വിജയിപ്പിച്ച ജനത്തിന് നന്ദി അറിയിച്ച് അരവിന്ദ് കേജ്രിവാള്‍. ഈ വിജയം രാജ്യത്തിനാകെയുള്ള സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് പുതിയ തുടക്കമാണെന്നു പറഞ്ഞ കേജരിവാള്‍ തന്നെ മകനായി കണ്ട ഓരോ കുടുംബത്തിന്റെയും രാജ്യത്തിന്റെയാകെയുമുള്ള വിജയമാണിതെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് ജനങ്ങള്‍ നല്‍കിയതെന്നും ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹമേറെയുണ്ടെന്നും കേജരിവാള്‍ വ്യക്തമാക്കി. നേരത്തെ, കേജരിവാള്‍ ഹനുമാന്‍ സ്‌തോത്രം ചൊല്ലുന്നത് സംബന്ധിച്ച് ബിജെപി പരിഹാസത്തോടയുള്ള പ്രതികരണങ്ങള്‍ നടത്തിയിരുന്നു. കേജരിവാള്‍ പരാജയഭീതിയേത്തുടര്‍ന്ന് ഹനുമാന്‍ സ്‌തോത്രങ്ങള്‍ ചൊല്ലുകയാണെന്നായിരുന്നു ബിജെപി നേതാക്കളുടെ പരിഹാസം.
അരവിന്ദ് കേജ്രിവാളിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടി നേടിയ വിജയം ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേജ്രിവാളിന്റെ നേതൃത്വത്തില്‍ രാജ്യത്തിന് ആവേശം പകരുന്ന വിജയമാണ് നേടാനായതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പുറത്തുവരുന്ന ഫലമനുസരിച്ച് ആം ആദ്മി പാര്‍ട്ടി 63 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി ഏഴ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.