ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നതായി ആം ആദ്മി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ഇതിനു തെളിവായി വീഡിയോകളും പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച എഎപി മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗാണ് കൃത്രിമം നടന്നതിനു തെളിവായി വീഡിയോകള്‍ പുറത്തുവിട്ടത്. വോട്ടിംഗ് യന്ത്രങ്ങള്‍ അനധികൃതമായി കടത്തിക്കൊണ്ടുപോയെന്ന് സഞ്ജയ് സിംഗ് ആരോപിച്ചു. ബാര്‍ബര്‍പുര്‍ മണ്ഡലത്തിലെ സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ബൂത്തില്‍ ഒരു ഉദ്യോഗസ്ഥനെ വോട്ടിംഗ് യന്ത്രവുമായി ആളുകള്‍ പിടികൂടിയെന്നും സഞ്ജയ് സിംഗ് പറയുന്നു. വോട്ടിംഗ് യന്ത്രവുമായി നിരത്തിലൂടെ പോകുന്ന വീഡിയോയ്‌ക്കൊപ്പം ഇവ എങ്ങോട്ടു കൊണ്ടുപോകുന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്ന് സഞ്ജയ് സിംഗ് ആവശ്യപ്പെടുന്നു. അടുത്തെങ്ങും പോളിംഗ് ബൂത്തുകളില്ല. ഇവ എങ്ങോട്ടുകൊണ്ടുപോകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണം- സഞ്ജയ് സിംഗ് ട്വീറ്റ് ചെയ്തു.
എന്നാല്‍ പോളിംഗിനായി ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ പാര്‍ട്ടി ഏജന്റുമാരുടെ മുന്‍പില്‍വച്ച് മുദ്രചെയ്ത് പോളിംഗ് സ്റ്റേഷനുകളില്‍നിന്ന് സ്‌ട്രോംഗ് റൂമുകളിലേക്ക് നേരിട്ടുമാറ്റുകയായിരുന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ പറഞ്ഞു. വോട്ടെടുപ്പിനായി ഉപയോഗിച്ച എല്ലാ വോട്ടിംഗ് യന്ത്രങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതാത് കേന്ദ്രങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമായി പോലീസ് സംരക്ഷണയില്‍ സൂക്ഷിച്ചിട്ടുണ്ട്. പാര്‍ട്ടി ഏജന്റുമാര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ഈ കേന്ദ്രങ്ങള്‍ക്കു പുറത്ത് തങ്ങാന്‍ അനുവാദമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു.