സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്.. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി അനുശ്രീ; ഒടുവില്‍ ആ മറുപടി!
കൊച്ചി:താരജാഡയില്ലാതെ ഉയര്‍ന്നുവന്ന മലയാളികളുടെ പ്രിയ നടിയാണ് അനുശ്രീ. സിനിമകളില്‍ നാട്ടിന്‍ പുറത്തുകാരിയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു.
നാട്ടില്‍ നടക്കുന്ന പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്ന അനുശ്രീ ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിനെപ്പറ്റി ആരാധകര്‍ ചോദിക്കുന്ന ചില സംശയങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ മറുപടി നല്‍കുകയാണ് താരം.
‘ഈ വര്‍ഷം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത കേട്ടല്ലോ’ എന്ന ചോദ്യത്തിന് ‘ഞാനും കേട്ടു’ എന്നായിരുന്നു അനുശ്രീ നല്‍കിയ മറുപടി. നാട്ടില്‍ നടന്ന ശോഭയാത്രയില്‍ അനുശ്രീ ഭാരതാംബയായി പങ്കെടുത്തതിന്റെ ചിത്രങ്ങളൊക്കെ ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അതുകൊണ്ടൊക്കെ തന്നെ അനുശ്രീയ്ക്ക് നാട്ടുകാര്‍ക്കിടയില്‍ ഒരു പവറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണോ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അനുശ്രീ മത്സരിക്കുന്നുണ്ടെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചതെന്നും സംശയമുണ്ട്.
സിനിമാ നടി അല്ലെങ്കില്‍ മറ്റ് എന്താകുമായിരുന്നു എന്ന ചോദ്യത്തിന് താന്‍ സൂപ്പര്‍ മാര്‍ക്കറ്റ് സെയില്‍സ് ഗേള്‍ ആയി ജോലി നോക്കും എന്നായിരുന്നു അനുശ്രീ മറുപടിയായി നല്‍കിയത്.
മോഡേണ്‍ ലുക്കിലും നാടന്‍ ലുക്കിലുമുള്ള വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ നടത്തി തന്റെ സാന്നിധ്യം സ്ഥിരം ആരാധകരെ അറിയിക്കാനും അനുശ്രീ മറന്നിട്ടില്ല. അതേസമയം കൊറോണക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇനിയും ഷൂട്ടിംഗ് തിരക്കുകളിലേക്ക് എത്തിയിട്ടില്ല.