തിരുവനന്തപുരം: പിരിവ് നല്‍ക്കാതിരുന്ന റോഡ് നിര്‍മാണ കരാറുകാരന്റെ മണ്ണുമാന്തിയന്ത്രം സാമൂഹ്യവിരുദ്ധര്‍ കത്തിച്ചു. അരുവിക്കര – നെടുമങ്ങാട് റോഡ് നിര്‍മാണം നടക്കുന്നതിനിടെയാണ് സംഭവം. റോഡ് നിര്‍മാണത്തിനിടെ പിരിവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം കരാറുകാരനെ ഭീഷണിപ്പെടുത്തിയിരിന്നു. എന്നാല്‍, കരാറുകാരനായ നെടുമങ്ങാട് സ്വദേശി രാഹുല്‍ പിരിവ് നല്‍കാന്‍ തയ്യാറായില്ല.
ഇതോടെയാണ് രാഹുലിന്റെ 24 ലക്ഷം വില വരുന്ന മണ്ണുമാന്തി യന്ത്രം സാമൂഹ്യ വിരുദ്ധര്‍ അഗ്‌നിക്ക് ഇരയാക്കിയത്. തിരുവനന്തപുരം അരുവിക്കരക്കു സമീപം കടമ്പനാട് ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മണ്ണുമാന്തിയന്ത്രം പൂര്‍ണമായും കത്തി നശിച്ചിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പിരിവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സംഘം സമീപിച്ചതെന്ന് കരാറുകാരന്‍ ആരോപിക്കുന്നു. പണം നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ ഭീഷണി ആരംഭിച്ചു. രണ്ടു ദിവസം മുന്‍പ് മണ്ണുമാന്തി യന്ത്രത്തിന്റെ 22,000 രൂപ വില വരുന്ന ഫില്‍റ്റര്‍ സംഘം അഴിച്ചുമാറ്റിയെന്നും രാഹുല്‍ പരാതിപ്പെടുന്നു.
തുടര്‍ന്നും സംഘത്തിന്റെ ഭീഷണി വക വയ്ക്കാതെ വന്നതോടെയാണ് മണ്ണുമാന്തി യന്ത്രം കത്തിച്ചതെന്നും ആരോപണമുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ അരുവിക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.