കണ്ടക്ടര്‍ സീറ്റ് മാറ്റിയിരുത്തി; ആന്‍ മേരിയ്ക്ക് തിരികെ ലഭിച്ചത് സ്വന്തം ജീവന്‍
കൊച്ചി: നടക്കുന്ന ഒരു ദുരന്ത വാര്‍ത്ത കേട്ടാണ് കേരളം ഇന്നുണര്‍ന്നത്. കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ കെഎസ്ആര്‍ടിസ് ബസ് അപകടത്തില്‍പ്പെട്ട് 20 പേരുടെ ജീവന്‍ കവര്‍ന്നു. അപകട വാര്‍ത്തയുടെ
നടുക്കത്തില്‍ നിന്ന് നാം ഇപ്പോഴും കരകയറിയിട്ടില്ല. ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആന്‍ മേരിയുടെ വാക്കുകളാണ് ഇപ്പോള്‍ കണ്ണിനെ ഈറനണിയിക്കുന്നത്. തുംകൂര്‍ സിദ്ധാര്‍ത്ഥ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനിയായ ആന്‍ മേരി വര്‍ഗീസ് തിരുവാണിയൂരിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. ഡ്രൈവറുടെ തൊട്ടുപിറകിലുള്ള സീറ്റാണ് ആന്‍ മേരിക്ക് ആദ്യം ലഭിച്ചത്. എന്നാല്‍ അവിടെയിരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കണ്ടക്ടര്‍ ബൈജുവാണ് ആന്‍ മേരിയെ വലത് ഭാഗത്ത് നിന്നു ഇടത് ഭാഗത്തേക്ക് മാറ്റിയിരുത്തിയത്. 23-ാം സീറ്റിലേക്ക്. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ടയര്‍ പൊട്ടിയ ട്രെയിലര്‍ ആന്‍ മേരി ആദ്യമിരുന്ന സീറ്റടക്കം തകര്‍ത്ത് ഇടിച്ചുകയറിയത്.
ഞായറാഴ്ച വൈകുന്നേരം തിരിച്ചു പോകാനുള്ള തയാറെടുപ്പോടെയാണ് ആന്‍ എറണാകുളത്തേക്ക് തിരിച്ചത്. സ്ഥിരമായി ഈ ബസില്‍ തന്നെയാണ് ആന്‍ മേരി വീട്ടിലേക്ക് വരാറുള്ളത്. യാത്രക്കാരെല്ലാമായി കൃഷ്ണ ഗിരിയില്‍ എത്തിയിരുന്നു ബസ്. യാത്രക്കാര്‍ അവിടെ നിന്ന് ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടര്‍ന്നിരുന്നു. ഇതിന് ശേഷമാണ് അപകടം സംഭവിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടാകുന്നത്. വലത് വശത്താണ് ലോറി വന്നിടിക്കുന്നത്. കുട്ടിയുടെ വലത് ഭാഗത്തിരുന്ന സ്ത്രീ ഇടിയുടെ ആഘാതത്തില്‍ ചില്ലില്‍ വന്നിടിച്ച് ആ ചില്ല് പൊട്ടിയ വിടവിലൂടെയാണ് ആന്‍ രക്ഷപ്പെട്ടത്. പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസാണ് ആനിനെയും മറ്റൊരു യുവാവിനെയും ആശുപത്രിയില്‍ എത്തിച്ചത്. ആന്‍ മേരി നിലവില്‍ കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്.