കാഞ്ഞങ്ങാട്: അഞ്ജന ഹരീഷിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മിനി പ്രധാനമന്ത്രിക്ക് പരാതി നല്‍കി. ഗോവ, കേരള മുഖ്യമന്ത്രിമാര്‍, ദേശീയ, സംസ്ഥാന വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരാതി നല്‍കിയത്. കുറ്റാക്കാരെന്ന് ചൂണ്ടിക്കാട്ടി ഗാര്‍ഗി, നസീമ നസ്റിന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഞ്ജന ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. മകള്‍ ലൈംഗിക പീഡനത്തിനുള്‍പ്പെടെ ഇരയായിട്ടുണ്ട്. മകളുടെ മരണത്തിന് പിന്നിലെ കാരണം വ്യക്തമാകണം. അഞ്ജനയുടെ മരണത്തിന് പിന്നില്‍ രാജ്യവിരുദ്ധ, സാമൂഹിക വിരുദ്ധ ശക്തികളുടെയും ലഹരി മാഫിയാ സംഘത്തിന്റെയും കൈകള്‍ ഉണ്ടെന്നും സംശയിക്കുന്നതായും മിനി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഗോവ കലങ്കൂട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കന്റോലിന്‍ ബര്‍ഡോസ് റിസോര്‍ട്ടിന് സമീപമാണ് മെയ് 13 ന് അഞ്ജനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളായ നസീമ, ആതിര, ശബരി എന്നിവര്‍ക്കൊപ്പം പോയ അഞ്ജനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഞ്ജനയുടെ മരണത്തില്‍ ആരോപണമുന്നയിച്ച് അമ്മ മിനി മുന്‍പും രംഗത്തെത്തിയിരുന്നു.
അതേസമയം മലയളി വിദ്യാര്‍ത്ഥി അഞ്ജന ഹരീഷ് ആത്മഹത്യ ചെയ്തതു തന്നെയെന്ന് നോര്‍ത്ത് ഗോവ എസ്പി ഉത്കൃഷ് പ്രസൂണ്‍ പറഞ്ഞിരുന്നു. കയറില്‍ തൂങ്ങുന്നതു മൂലം ശ്വാസം മുട്ടിയാണ് അഞ്ജന മരണപ്പെട്ടതെന്ന് അദ്ദേഹം അറിയിച്ചത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് എസ്പിയുടെ വെളിപ്പെടുത്തല്‍. മരണപ്പെടുന്നതിനു മുന്‍പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നും നിര്‍ബന്ധിതമായി മദ്യം കുടിപ്പിച്ചു എന്നുമുള്ള റിപ്പോര്‍ട്ടുകളെ തള്ളിയാണ് ഉത്കൃഷിന്റെ ഈ വെളിപ്പെടുത്തല്‍. പോസ്റ്റ്മാര്‍ട്ടത്തില്‍ ഇതിനു തക്കതായ തെളിവുകള്‍ ലഭിച്ചില്ലെന്നും അഞ്ജനയുടെ മരണത്തിന്റെ അന്വേഷണ ചുമതലയുള്ള നോര്‍ത്ത് ഗോവ എസ്പി പറയുന്നു. ദി ന്യൂസ് മിനിട്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
”കുട്ടിയുടെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഒന്നും ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടില്ല. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നും അവര്‍ മൊഴി നല്‍കിയിട്ടില്ല. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലും അത്തരം കണ്ടെത്തലുകള്‍ ഇല്ല. ഇനി ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി വരാനുണ്ട്. പക്ഷേ, തൂങ്ങി മരണമാണെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതിനാല്‍ അത് അപ്രധാനമാണ്”- എസ്പി പറയുന്നു.