തിരുവനന്തപുരം: വിവാദമുണ്ടാക്കി കോൺഗ്രസിൽനിന്ന് പുറത്തുപോയ അനിൽ ആന്റണിക്ക് പകരക്കാരനെ ഉടൻ നിയമിച്ച് സംസ്ഥാന നേതൃത്വം. ഡോ. പി. സരിനാണ് ഡിജിറ്റൽ മീഡിയ ആൻഡ് ഡിജിറ്റൽ പ്ലാറ്റ് ഫോറത്തിന്റെ കൺവീനർ.
സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന ഡോ. സരിൻ ജോലി രാജിവെച്ചാണ് കോൺഗ്രസിനായി ഇറങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തുനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഡിജിറ്റൽ മീഡിയയുടെ ചുമതല കെ.പി.സി.സി. ഭാരവാഹിയെന്ന നിലയിൽ വി.ടി. ബലറാമിനാണ് നൽകിയിരിക്കുന്നത്. ഈ സെല്ലിൽ ബി.ആർ.എം. ഷഫീർ, രാഹുൽ മാങ്കൂട്ടത്തിൽ, ടി.ആർ. രാജേഷ്, നിഷാ സോമൻ, വീണ എസ്. നായർ, താരാ ടോജൊ അലക്സ് എന്നിവരുമുണ്ടാകും.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സി.യുടെ ഡോക്യുമെന്ററി വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിനെ എതിർത്തതോടെയാണ് അനിൽ ആന്റണി വിവാദത്തിലായത്. തുടർന്ന് അദ്ദേഹത്തിന് പാർട്ടിയിലെ സ്ഥാനങ്ങളെല്ലാം രാജിവെക്കേണ്ടിവന്നു.