ഹൈദരാബാദ്: സുപ്രിംകോടതിയിലെ രണ്ടാമനായ ജഡ്ജിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ജസ്റ്റിസ് എൻ. വി രമണയ്‌ക്കെതിരായി സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. എട്ട് പേജുള്ള കത്തിൽ എൻ.വി രമണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ആണ് ജഗൻ മോഹൻ റെഡ്ഡി ഉന്നയിച്ചിരിക്കുന്നത്.
അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്ന മുൻ മുഖ്യമന്ത്രിയും തെലുഗുദേശം നേതാവുമായ ചന്ദ്രബാബു നായിഡുവിനും കൂട്ടാളികൾക്കും അനുകൂലമായ വിധിക്കുവേണ്ടി ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്നാണ് കത്തിലെ പ്രധാന ആരോപണം. തന്റെ സർക്കാരിനെ അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനും അദ്ദേഹം ശ്രമിക്കുകയാണെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങൾ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്നും നടപടി സ്വീകരിക്കണമെന്നും ജഗൻ മോഹൻ റെഡ്ഡി കത്തിൽ ആവശ്യപ്പെട്ടു.
അടുത്ത വർഷം ചീഫ് ജസ്റ്റിസ് ആകേണ്ട ജഡ്ജിയാണ് ജസ്റ്റിസ് എൻ. വി രമണ. അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആന്ധ്രാ ഹൈക്കോടതിയുടെ ഇടപെടലിനെതിരെയും സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പരാതിപ്പെട്ടിട്ടുണ്ട്.