കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റേത് തൂങ്ങിമരണം എന്ന് പ്രാഥമിക നിഗമനം. അനന്യയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്റെയും ഫോറന്‍സിക് വിദഗ്ധന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. 12.30 ഓടെ മൃതദേഹം ആലുവയിലെ സുഹൃത്തിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 4 മണിയോടെ കൊല്ലത്ത് കുടുംബവീട്ടില്‍ എത്തിക്കും.
അനന്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തുവന്നിരുന്നു. തുടര്‍ന്ന് അനന്യയുടെ ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കളമശേരി പോലീസാണ് കേസെടുത്തത്. റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍ അര്‍ജുനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍.
കഴിഞ്ഞ ദിവസമാണ് ട്രാന്‍സ് യുവതി അനന്യ കുമാരി അലക്സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ.
കഴിഞ്ഞ വര്‍ഷമാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റുനില്‍ക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്നങ്ങള്‍ ഏറെയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയില്‍ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
ട്രാന്‍സ് ആക്ടിവിസ്റ്റ് അനന്യയുടെ മരണത്തില്‍ സുഹൃത്തുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അനന്യയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഉണ്ടായ പിഴവ് പരിശോധിക്കണമെന്ന് സുഹൃത്തുക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു. അനന്യയുടെ സുഹൃത്തുക്കള്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.