FeaturedHome-bannerKeralaNews

പാതിവില തട്ടിപ്പിന്റെ ഉറവിടമായ ‘നാഷണല്‍ എന്‍ജിയോസ് കോണ്‍ഫെഡറേഷന്‍’ സായ്ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ബുദ്ധി; 200 കോടിയുടെ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ കെ എന്‍ ആനന്ദകുമാര്‍

കൊച്ചി: പാതിവില തട്ടിപ്പുകേസിലെ മുഖ്യസൂത്രധാരന്മാരില്‍ ഒരാള്‍ സായ്ഗ്രാമം സ്ഥാപകനും സംഘപരിവാര്‍ സഹയാത്രികനുമായ കെ എന്‍ ആനന്ദകുമാര്‍ എന്ന നിഗമനത്തിലേക്ക് പോലീസ്. തട്ടിപ്പിന്റെ ഉറവിടമായ ‘നാഷണല്‍ എന്‍ജിയോസ് കോണ്‍ഫെഡറേഷന്‍’ ട്രസ്റ്റിന്റെ ആജീവനാന്ത ചെയര്‍മാനാണ് ഇയാള്‍.

ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിര്‍ക്കും. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിനെതിരേയും ശക്തമായ നിലപാട് തുടരും. തട്ടിപ്പില്‍ ഇഡിയും നിര്‍ണ്ണായക നീക്കങ്ങളിലാണ്. ഇഡി കൂടി പ്രതികളെ കസ്റ്റഡിയില്‍ എടുത്താല്‍ ഏറെ കാലം എല്ലാവര്‍ക്കും ജയിലില്‍ കഴിയേണ്ടി വരും. അതിബുദ്ധിയില്‍ പിറന്ന സാമ്പത്തിക തട്ടിപ്പാണ് പാതിവില വില്‍പ്പനയെന്നാണ് കണ്ടെത്തല്‍.

പകുതിവിലയ്ക്ക് ഇരുചക്രവാഹനമടക്കം വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ ‘സോഷ്യല്‍ ബീ വെന്‍ച്വേഴ്സ് ‘ തട്ടിയെടുത്തത് 200 കോടിയിലേറെ രൂപ. സ്ഥാപനത്തില്‍ മൂന്നുദിവസത്തെ ക്രൈംബ്രാഞ്ച് പരിശോധനയിലാണ് കണ്ടെത്തല്‍. സോഷ്യല്‍ ബീ വെന്‍ച്വേഴ്സിന്റെ പേരില്‍ ഇയ്യാട്ടുമുക്ക് എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ട് വിവരം അടക്കമാണ് ക്രൈംബ്രാഞ്ച് പരിശോധിച്ചത്.

സ്ഥാപനത്തിലെ ഫയല്‍ കംപ്യൂട്ടറുകളിലെ വിവരങ്ങളും സൂക്ഷ്മമായി പരിശോധിച്ചു. വിവിധ ജില്ലകളിലുള്ളവര്‍ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ട്. പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കുന്ന ‘വിമന്‍ ഓണ്‍ വീല്‍സ്’ പദ്ധതി ആസൂത്രണം ചെയ്തത് ഈ സ്ഥാപനത്തില്‍ വച്ചാണെന്ന് കണ്ടെത്തിയിരുന്നു. സോഷ്യല്‍ ബീ വെന്‍ച്വേഴ്സിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന ഒന്നരക്കോടിയോളം രൂപ നേരത്തേ പൊലീസ് മരവിപ്പിച്ചിരുന്നു. അനന്തുവിന്റെ 21 അക്കൗണ്ടുകളാണ് ഇതിനകം മരവിപ്പിച്ചത്.’വിമന്‍ ഓണ്‍ വീല്‍സ്’ എന്ന പേര് പദ്ധതിക്ക് നല്‍കിയതും ആനന്ദകുമാറാണ്.

തിരുവനന്തപുരം ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2024 ഫെബ്രുവരി 13നാണ് ഇന്ത്യന്‍ ട്രസ്റ്റ് ആക്ടുപ്രകാരം നാഷണല്‍ എന്‍ജിയോസ് കോണ്‍ഫെഡറേഷന്‍ രജിസ്റ്റര്‍ ചെയ്തത്. അനന്തുകൃഷ്ണനെയും ഇയാളുടെ ഉടമസ്ഥതയിലുള്ള കളമശേരിയിലെ പ്രൊഫഷണല്‍ സര്‍വീസ് ഇന്നൊവേഷനെയും പദ്ധതി നടത്തിപ്പിന് ചുമതലപ്പെടുത്തിയതായി ട്രസ്റ്റ് രേഖയിലുണ്ട്.

കോണ്‍ഫെഡറേഷന്റെ അക്കൗണ്ടിലുള്ള പണം വകമാറ്റി ചെലവഴിക്കാനും അനന്തു കൃഷ്ണന് അധികാരം നല്‍കി. ആനന്ദകുമാര്‍, അനന്തു കൃഷ്ണന്‍, ഇടുക്കി സ്വദേശിനി ഷീബ സുരേഷ്, എറണാകുളം സ്വദേശിനി ഡോ. ബീന സെബാസ്റ്റിയന്‍, തിരുവനന്തപുരം സ്വദേശി ജയകുമാരന്‍നായര്‍ എന്നിവരാണ് ട്രസ്റ്റ് സ്ഥാപകാംഗങ്ങള്‍. കോഴിക്കോട് സ്വദേശി ബേബി കിഴക്കുംഭാഗം, കോതമംഗലം സ്വദേശി പ്രസാദ് വാസുദേവന്‍ എന്നിവരും പിന്നീട് ട്രസ്റ്റ് അംഗങ്ങളായെന്ന് കണ്ടെത്തി.

പാതിവിലയ്ക്ക് സ്‌കൂട്ടര്‍ ലഭിച്ചവരുമായി പ്രചാരണത്തിന് സായ്ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ ആനന്ദകുമാര്‍ പദ്ധതിയിട്ടെന്ന് കണ്ടെത്തല്‍ വരികയാണ്. എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ വഴി പ്രചാരണയാത്ര സംഘടിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനായി കോണ്‍ഫെഡറേഷനിലെ സംഘടനകള്‍ക്ക് പാതിവില തട്ടിപ്പുകേസുകളിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ കത്ത് നല്‍കി.

ഈ കത്ത് പുറത്തുവന്നിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി 44 നദികളിലും നദീയാത്ര നടത്താന്‍ ആനന്ദകുമാര്‍ പദ്ധതിയിട്ടിരുന്നു. ഈ നദീയാത്രയുടെ വിളംബരത്തിന്റെ ഭാഗമായി 14 ജില്ലകളിലും ഇരുചക്രവാഹന റാലി സംഘടിപ്പിക്കാനായിരുന്നു അനന്തു ഒപ്പിട്ട സര്‍ക്കുലറിലെ നിര്‍ദേശം. നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ ലെറ്റര്‍ പാഡില്‍, പ്രോജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സികള്‍ക്കുള്ള സര്‍ക്കുലര്‍ എന്ന പേരിലാണ് നിര്‍ദേശം നല്‍കിയത്.

50% സാമ്പത്തിക സഹായത്തോടെ ഇരുചക്രവാഹനങ്ങള്‍ കൈപ്പറ്റിയ വനിതകള്‍ നിര്‍ബന്ധമായും യാത്രയില്‍ പങ്കെടുക്കാനുള്ള ക്രമീകരണം നടത്തണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മിനിമം അഞ്ചുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാലിയാണ് സംഘടിപ്പിക്കേണ്ടതെന്നും നിര്‍ദേശത്തിലുണ്ട്.

സൈന്‍ സംഘടനയും നാഷണല്‍ എന്‍ജിയോസ് കോണ്‍ഫെഡറേഷനും ചേര്‍ന്നാണ് ഭൂരിഭാഗം ഇരുചക്രവാഹന വിതരണ ചടങ്ങുകളും സംഘടിപ്പിച്ചത്. പോസ്റ്ററുകളില്‍ ആനന്ദകുമാറിന്റെയും അനന്തുകൃഷ്ണന്റെയും ചിത്രങ്ങള്‍ നല്‍കിയിരുന്നു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജെ പ്രമീളാദേവിയും അടക്കമുള്ള നേതാക്കളുമായും ആനന്ദകുമാര്‍ അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ഇതിനൊപ്പം ലാലിവിന്‍സെന്റിനെതിരായും ആരോപണമുണ്ട്. പാതിവിലയ്ക്ക് ഇരുചക്രവാഹനം നല്‍കാമെന്ന് വാഗ്ദാനം നല്‍കി 3.11 കോടി രൂപ തട്ടിയ കേസില്‍ കെ എന്‍ ആനന്ദകുമാറിനെ രണ്ടാംപ്രതിയാക്കിയാണ് കോതമംഗലം പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്.

അനന്തു കൃഷ്ണനാണ് ഒന്നാംപ്രതി. കോതമംഗലത്തെ ഓള്‍ കേരള ഓര്‍ഫന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് സജികുമാറിന്റെ പരാതിയിലാണ് കേസ്. വനിതകള്‍ക്ക് സാമ്പത്തിക സഹായത്തോടെ ഇരുചക്രവാഹനം നല്‍കാമെന്നായിരുന്നു വാഗ്ദാനം.

കളമശേരിയില്‍ അനന്തുവിന്റെ ഉടമസ്ഥതയിലുള്ള പ്രൊഫഷണല്‍ സര്‍വീസ് ഇന്നൊവേഷന്‍സില്‍ ഉടന്‍ പരിശോധന നടത്തും. സോഷ്യല്‍ ബീ വെന്‍ച്വേഴ്സിന്റെയും പ്രൊഫഷണല്‍ സര്‍വീസസ് ഇന്നൊവേഷന്‍സിന്റെയും ബാങ്ക് അക്കൗണ്ട് വഴി 400 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയതായി പൊലീസ് ആദ്യം കണ്ടെത്തിയിരുന്നു.

കളമശേരിയിലെ സ്ഥാപനംവഴിയും 200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് നിഗമനം. സംസ്ഥാനത്തെ 1,800-ല്‍ അധികം സന്നദ്ധസംഘടനകളെ ചേര്‍ത്തായിരുന്നു നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ രൂപവത്കരിച്ചത്. 18,000-ഓളം പേര്‍ക്ക് സ്‌കൂട്ടര്‍ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker