ന്യൂഡല്‍ഹി: രാജ്യമെമ്പാടും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യസഭയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. ഒരു മതവിഭാഗത്തിലെയും വിശ്വാസികള്‍ ഈ പ്രക്രിയയെ ഭയപ്പെടേണ്ടതില്ലെന്നും എല്ലാവരെയും പൗരത്വപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രക്രിയ മാത്രമാണതെന്നും അമിത് ഷാ വ്യക്തമാക്കി.
രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും വിവരങ്ങളടങ്ങിയ സമഗ്രമായ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി അമിത് ഷാ നേരത്തെയും പറഞ്ഞിരുന്നു. അസമില്‍ പത്തൊമ്പത് ലക്ഷം പേരാണ് ദേശീയ പൗരത്വ രജിസ്റ്ററിന് പുറത്തായത്. അര്‍ഹരായ നിരവധിപ്പേര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയിരുന്നു. പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ പൗരത്വ രജിസ്റ്റര്‍ പ്രകാരം 3 കോടി 11 ലക്ഷം പേരാണ് അസമില്‍ ഇന്ത്യന്‍ പൗരന്മാരായിട്ടുള്ളത്.