ചങ്ങനാശേരി ടൗണിലൂടെ താര ജാഡകളില്ലാതെ കൂളായി നടന്ന് ആമീര്‍ ഖാന്‍; അമ്പരന്ന് നാട്ടുകാര്‍
കോട്ടയം: ചങ്ങനാശേരി ടൗണില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് അമ്പരന്ന് ജനക്കൂട്ടം. ബോളിവുഡ് താരം ആമീര്‍ ഖാനാണ് ചങ്ങനാശേരി ടൗണിലൂടെ യാതൊരു താര ജാഡയുമില്ലാതെ നടന്നു നീങ്ങിയത്. ആദ്യം ആമീറിനെ കണ്ട് ജനക്കൂട്ടം ശരിക്കും ഒന്ന് അമ്പരന്നു. ആമീറിന്റെ ദൃശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.
ചങ്ങനാശ്ശേരി എംസി റോഡിലും, ബൈപാസിലുമാണ് താരത്തെ കണ്ടത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ താരത്തിനൊപ്പം സുരക്ഷാ ഉദ്യേഗസ്ഥരുമുണ്ടായിരുന്നു. താരത്തെ തിരിച്ചറിഞ്ഞതോടെ പലരും ഒന്ന് അമ്പരന്നു. പിന്നീട് ആമീര്‍ ജീ എന്ന വിളി ജനക്കൂട്ടത്തില്‍ നിന്ന് ഉയര്‍ന്നപ്പോള്‍ എല്ലാവരോടും കൈവീശിക്കാണിച്ച്, പുഞ്ചിരി സമ്മാനിച്ചാണ് താരം മടങ്ങിയത്.
‘ഫോറസ്റ്റ് ഗംപ്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ‘ലാല്‍ സിങ് ഛദ്ദ’യുടെ ചിത്രീകരണത്തിനായാണ് താരം കേരളത്തില്‍ എത്തിയത്. അദ്വൈത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരീന കപൂറാണ് നായികയായി എത്തുന്നത്. ത്രീ ഇഡിയറ്റ്‌സിന് ശേഷം ഇരുവരും ഒന്നിച്ച് എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ തമിഴ് താരം വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്തവര്‍ഷം ക്രിസ്മസ് റിലീസ് ആയി ചിത്രം തീയ്യേറ്ററുകളില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.