
തിരുവനന്തപുരം: ഇന്റര്‍പോള്‍ തേടുന്ന അമേരിക്കന്‍ കുറ്റവാളി തിരുവനന്തപുരത്ത് പിടിയിലായി. 46 കാരനായ അലക്‌സേജ് ബേസ്യോകോവ് ആണ് പിടിയിലായത്. സിബിഐയുടെ നിര്‍ദേശ പ്രകാരം കേരള പോലീസാണ് പ്രതിയെ വര്‍ക്കലയില്‍ നിന്ന് പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു. അമേരിക്കയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പിടികിട്ടാപുള്ളിയാണ് ഇയാള്‍. കുടുംബത്തോടൊപ്പം വര്‍ക്കലയില്‍ അവധി ആഘോഷിക്കുന്നതിനിടെയാണ് അറസ്റ്റ്.
2022 ല്‍ യുഎസ് വിലക്കേര്‍പ്പെടുത്തിയ ഗാരന്റെക്‌സ് എന്ന ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിന്റെ സഹസ്ഥാപകനാണ് ഇയാള്‍. തീവ്രവാദ സംഘടനകള്‍ ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ ക്രിമിനല്‍ സംഘടനകള്‍ക്ക് ക്രിപ്‌റ്റോകറന്‍സി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതിനും പണമെത്തിക്കുന്നതിനും മറ്റും സൗകര്യമൊരുക്കിയതിന് ഈ സ്ഥാപനത്തിനെതിരെ കേസുണ്ട്. മാര്‍ച്ച് 7 നാണ്, ബെസിയോക്കോവിനും ഗാരന്റക്സിന്റെ മറ്റൊരു സഹസ്ഥാപകയായ യുഎഇയില്‍ താമസിക്കുന്ന റഷ്യന്‍ പൗരനായ അലക്സാണ്ടര്‍ മിറ സെര്‍ദയ്ക്കും (40) എതിരെ യുഎസ് ഡിഒജി കുറ്റപത്രം സമര്‍പ്പിച്ചത്.
ന്യൂഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് അറസ്റ്റ് വാറന്റ് പുറത്തിറക്കിയത്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസുമുണ്ടായിരുന്നു. നടപടി ക്രമം അനുസരിച്ച് ഇയാളെ രണ്ട് ദിവസം റിമാന്റില്‍ വെച്ച ശേഷം വ്യാഴാഴ്ച പട്യാല ഹബൗസ് കോടതിയിലേക്ക് കൊണ്ടുപോവും. ഇതിന് ശേഷം യുഎസിന് കൈമാറും.